‘വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല’; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്‍റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കി. സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍ത്തിവച്ചാല്‍ അത് മോശം സന്ദേശം നല്‍കുമെന്നും വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്‍റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിതോർജ വരുമാന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന് ആവശ്യമുള്ള പദ്ധതിയെ എതിർക്കുന്നവരുണ്ട്. എന്നാല്‍, നാടിൻ്റെ ഭാവിയിൽ താൽപര്യമുള്ള എല്ലാവരും സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്യും എന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ചില പദ്ധതികളുടെ പേരിൽ സർക്കാരിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. പദ്ധതി തന്നെ നിർത്തിവയ്ക്കണം എന്ന് മുദ്രാവാക്യം അംഗീകരിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരുടെ ബാക്കി എല്ലാം ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്‍റെ വിശ്വാസത തകരുമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നു എന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ല. അങ്ങനെ പദ്ധതി നിർത്തിവച്ചാൽ അത് മോശം സന്ദേശം നൽകും. പദ്ധതിക്കെതിരെ അഭിപ്രായവ്യത്യാസം നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി കൊണ്ട് തീര ശോഷണം സംഭവിച്ചില്ല എന്നാണ് പഠന റിപ്പോർട്ടുകൾ. സമരത്തിന് നേതൃത്വം നൽകുന്നവർ തന്നെ കാണാൻ വന്നു. അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നു. പദ്ധതി നിർത്തിവയ്ക്കാൻ കഴിയില്ല എന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നു. ഈ പദ്ധതിയുടെ ഭാഗമായി തീര ശോഷണം ഉണ്ടായിട്ടില്ലെന്നും ഏതെങ്കിലും രീതിയിൽ തീര ശോഷണം ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാം എന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരം മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം നടക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി.

ഇത് സർക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ല. നാടിൻ്റെ മുന്നോട്ട് പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ കൂട്ടർ പൊലീസിനെതിരെ വ്യാപകമായി അക്രമം നടത്തി. പൊലീസ് ഓഫീസറുടെ കാല് തല്ലിയൊടിച്ചു. നമ്മുടേത് പോലുള്ള സംസ്ഥാനത്തെ ഒരിക്കലും നടക്കില്ല എന്ന് നമ്മൾ കരുതിയ സംഭവമാണ് നടന്നത്. ഇത് എന്തിന് വേണ്ടിയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.