ഇന്ത്യയില്‍ ബാലവേലയും ജാതി വിവേചനവും ദാരിദ്ര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; യുഎന്‍ റിപ്പോര്‍ട്ട്

0

ഇന്ത്യയില്‍ ബാലവേല, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ ദളിത് സ്ത്രീകളോടുള്ള കടുത്ത വിവേചനം ഉള്‍പ്പെടെയുള്ള അടിമത്തത്തിന്റെ സമകാലിക രൂപങ്ങളെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി.

മനുഷ്യാവകാശ കൗണ്‍സില്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ടോമോയ ഒബോകാറ്റയാണ് അടിമത്തത്തിന്റെ സമകാലിക രൂപങ്ങളെക്കുറിച്ച് പറയുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പണ്ട് കാലത്ത് നിലനിന്നിരുന്ന അടിമത്തം, കോളനിവത്ക്കരണം, ഭരണകൂടം കാണിച്ചിരുന്ന വിവേചനങ്ങള്‍ എന്നിവയുടെയെല്ലാം അനന്തര ഫലമാണ് ഇന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന വിവേചനങ്ങള്‍.

ഇന്ത്യയില്‍, ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അംഗോള, കോസ്റ്റാറിക്ക, ഹോണ്ടുറാസ്, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ വിവിധ മേഖലകളില്‍ ന്യൂനപക്ഷങ്ങളിലെയും കുടിയേറ്റക്കാരിലെയും കുട്ടികളാണ് കൂടുതലും ബാലവേലയുടെ ഇരകള്‍.

5 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ബാലവേല, അതിന്റെ ഏറ്റവും മോശമായ രൂപത്തില്‍ ലോകത്ത് എല്ലായിടത്തും നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏഷ്യ, പസഫിക്, മിഡില്‍ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ 4% മുതല്‍ 6% വരെ കുട്ടികള്‍ ബാലവേല ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കയില്‍ ഇത് വളരെ കൂടുതലാണ്. (21.6%) സഹാറന്‍ ആഫ്രിക്കയില്‍ 23.9 ശതമാനമാണിത്.