കുഞ്ഞിനെ വേർപെടുത്തിയ സംഭവം; അനുപമ നിരാഹാരസമരത്തിന്

0

തിരുവനന്തപുരം: നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ നാളെ മുതൽ നിരാഹാരം കിടക്കുമെന്ന് അനുപമ എസ് ചന്ദ്രൻ. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനം. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ വ്യക്തമാക്കി.

സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമമെന്ന വിവരം പുറത്തുവന്നു. ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ സമയത്ത് നൽകിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നൽകിയിരിക്കുന്നത് ജയകുമാർ എന്ന പേരാണ്. അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേൽവിലാസം പേരൂർക്കട ആയിരുന്നിട്ടും മറ്റൊരു മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയിൽ നിന്നു കുഞ്ഞിനെ വേർപ്പെടുത്താൻ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകൾ.

അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ ഒടുവില്‍ അന്വേഷണവുമായി സര്‍ക്കാരും പൊലീസും രം​ഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്ള്യുസി ചെയർപേഴ്സൻറെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിൻറെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ ആണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്.