വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ പിരിച്ചുവിട്ടു

0

വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞു മരിക്കാന്‍ ഇടയായ സംഭവത്തില്‍ കാഷ്വാലിറ്റിയില്‍ കുഞ്ഞിനെ നോക്കിയ ഡോക്ടര്‍ രാഹുല്‍ സാജുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മാനന്തവാടി മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരനായ ഡോക്ടറാണ് രാഹുല്‍. കുഞ്ഞിനെ ചികിത്സിക്കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

മാനന്തവാടി കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് -ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മാര്‍ച്ച് 22ന് മരിച്ചത്. കടുത്ത ന്യുമോണിയയും വിളര്‍ച്ചയുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയെ മരുന്നുനല്‍കി പറഞ്ഞയക്കുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് കുട്ടി മരിച്ചത്.

പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിനും പട്ടികവര്‍ഗ വികസനവകുപ്പിനും ഐ.സി.ഡി.എസിനും വീഴ്ചപറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരായ രണ്ട് നഴ്‌സുമാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.