ഓസോൺ പാളിയെ സാരമായി ബാധിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബൺ (സിഎഫ്സി–11)ന്‍റെ സാന്നിധ്യം വീണ്ടും അന്തരീക്ഷത്തിൽ കണ്ടെത്തി. 2010 മുതൽ സിഎഫ്സി–11 എന്ന വാതകം ഉൽപ്പാദിപ്പിക്കില്ലെന്ന് ലോകരാജ്യങ്ങൾ ഉറപ്പു നൽകിയ സാഹചര്യത്തിലാണ് ചൈനയിൽ നിന്നും സിഎഫ്സി–11 എന്ന വാതകം വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.
2007 മുതൽ സിഎഫ്സി–11 ഉൽപാദിപ്പിക്കില്ലെന്നായിരുന്നു ചൈനയുടെ അവകാശവാദം. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള മോൺട്രിയോൾ പ്രോട്ടോക്കോൾ അനുസരിച്ച് 2010 മുതൽ സിഎഫ്സി–11 ഉൽപ്പാദിപ്പിക്കില്ലെന്ന് മറ്റ് ലോകരാജ്യങ്ങളും ഉറപ്പ് നൽകിയിരുന്നു. ചൈന കേന്ദ്രീകരിച്ച് നടക്കുന്ന ‘പ്രതിരോധിക്കാം വായുമലിനീകരണം’ എന്ന ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ മുദ്രാവാക്യത്തിനിടയിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സിഎഫ്സി–11യുടെ ഉൽപ്പാദനം ചൈന തന്നെ നടത്തുന്നു എന്നത് വിവിധ രാജ്യങ്ങളിലെ ഗവേഷകർ ഏറ്റവും പുതിയ കാലാവസ്ഥാ മാതൃകകൾ അപഗ്രഥിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
റഫ്രിജറേറ്ററുകൾ, സ്പ്രേകൾ തുടങ്ങിയവയിലായിരുന്നു നേരത്തെ സിഎഫ്സി–11 മുഖ്യമായും ഉപയോഗിച്ചിരുന്നത്.ഭൂമിയോട് ചേർന്നിരിക്കുമ്പോൾ ഇവ പ്രശ്നമുണ്ടാക്കാറില്ലെങ്കിലും, ഇത് സ്ട്രാറ്റോസ്ഫിയറിൽ സിഎഫ്സികൾ അൾട്രാവയലറ്റ് രശ്മികളുമായി പ്രവർത്തിച്ച് ക്ലോറിനെ സ്വതന്ത്രമാക്കുന്ന ഒരു പ്രക്രിയയുണ്ട്. ഈ ക്ലോറിൻ ഓസോൺ തൻമാത്രകളുമായി പ്രതിപ്രവർത്തിച്ച് ഓക്സിജൻ തന്മാത്രകൾ രൂപപ്പെടുകയും ചെയ്യുന്നു. അതോടെ ക്ലോറിൻ ആറ്റം വിനാശകാരിയാകുന്നു. ഒരു ക്ലോറിൻ ആറ്റത്തിന് കുറഞ്ഞത് ഒരുലക്ഷം ഓസോൺ തൻമാത്രകളെ നശിപ്പിക്കാനാകുമെന്നാണ് കണക്ക്.
ഒരിക്കൽ സിഎഫ്സി–11ന്‍റെ ഉൽപ്പാദനം കാരണം വൻതോതിൽ ശോഷിച്ചു പോയ ഓസോൺ പാളി സ്വയം ‘അറ്റകുറ്റപ്പണി’ നടത്തി തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. സിഎഫ്സി–11ന്‍റെ ഉൽപ്പാദനം നിർത്തുകയാണെന്ന എല്ലാ രാജ്യങ്ങളും ഉറപ്പ് നൽകിയതോടെ 2070 ആകുമ്പോഴേക്കും ഓസോണിലെ വിള്ളൽ അടയുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഇതിനിടയിൽ ചൈനയിൽ നിന്നും പുറത്ത് വന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ഏവരെയും ഞെട്ടിക്കുന്നു.
ഒന്നുകിൽ സിഎഫ്സി–11 നിരോധനത്തിന് ശേഷം സംഭരിച്ചു വെച്ചിരിക്കുന്ന റിസർവോയറുകളിലൊന്നിൽ ചോർച്ചയുണ്ടായിരിക്കുകയോ അല്ലെങ്കിൽ, ഏതോ കമ്പനി ഇപ്പോഴും സിഎഫ്സി–11 നിർമിക്കുന്നു എന്നാണ് അനുമാനിക്കുന്നത്.