നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു

1

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെ പൂർണ്ണമായും എരിഞ്ഞമർന്നതായി ചൈനീസ് വൈബ്സൈറ്റിൽ പറയുന്നു. എന്നാൽ നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഭൂമിയിൽ പതിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ബ്രസീലിയൻ തീരത്ത് ദക്ഷിണ അറ്റ്ലാന്റിക്കിനു സമീപം സാവോ പോളോയ്ക്കും റിയോ ഡി ജനീറോയ്ക്കും സമീപം നിലയം തകർന്നുവീഴുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ടാഹിതിയുടെ വടക്കുപടിഞ്ഞാറായി 100 കിലോമീറ്റർ ചുറ്റളവിലെവിടെയോ ടിയാൻഗോങ്–1 തകർന്നു വീണതായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബ്രാഡ് ടക്കെർ പറഞ്ഞു. നിലയത്തിന്റെ ഏറ്റവു ചെറിയൊരു ഭാഗം എന്തിരുന്നാലും ഭൂമിയിൽ പതിച്ചിട്ടുണ്ടാകുമെന്നും അവർ പറയുന്നു.

ഞായറാഴ്ച രാത്രി 11.20നു ശേഷം എപ്പോൾ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നു ചൈന നേരത്തെ അറിയിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നായിരുന്നു പ്രവചനം. നേരത്തേ ഭീഷണിയുണ്ടായിരുന്നെങ്കിലും കേരളം ആശങ്കപ്പെടേണ്ടതില്ലെന്നാണു ശാസ്ത്ര ഗവേഷകർ അറിയിച്ചിരുന്നു.

ബഹിരാകാശ പേടകത്തിന്റെ വീഴ്ച മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നു ചൈനീസ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലയത്തിന്റെ 10 ശതമാനം ഭാഗം മാത്രമേ ഭൂമിയില്‍ പതിക്കാനിടയുള്ളൂവെന്നും റിപ്പോർട്ടുണ്ടായിരുന്നു ബാക്കിയെല്ലാം അന്തരീക്ഷത്തിൽ കത്തിപ്പോകും. ഭൂമിയിലെ വസ്തുക്കൾക്കു കേടു വരുത്തില്ല. വിഷകരമായ രാസപദാർത്ഥങ്ങളൊന്നും നിലയത്തിൽനിന്ന് ഉണ്ടാകില്ലെന്നും ചൈനീസ് സൈനിക വക്താവ് അറിയിച്ചിരുന്നു.