സുഖജീവിതത്തിനായി കുട്ടികളെ എറിഞ്ഞു കൊന്നു; കാമുകീകാമുകന്മാരുടെ വധശിക്ഷ നടപ്പാക്കി ചൈന

0

ബെയ്ജിങ്: രണ്ടു കുട്ടികളെ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ നിന്നും എറിഞ്ഞുകൊന്ന കാമുകിക്കും കാമുകനും വധശിക്ഷ നടപ്പാക്കി ചൈന. ഴാങ് ബോ, കാമുകി യേ ചെങ്‌ചെന്‍ എന്നിവരെയാണ് ബുധനാഴ്ച വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്ക് വിധേയരായത്. ചൈനീസ് സുപ്രീംകോടതി വധ ശിക്ഷയ്ക്ക് അനുമതി നൽകി 2 വർഷത്തിനു ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.

2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ചിങ് നഗരത്തിലുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ ജനലിലൂടെയാണ് ഴാങ് സ്വന്തം മക്കളെ പുറത്തേക്കെറിഞ്ഞത്. കാമുകിയുടെ നിർബന്ധപ്രകാരമാണ് ഇയാൾ കൃത്യം ചെയ്തത്. രണ്ട് വയസുള്ള പെണ്‍കുട്ടിയും ഒരുവയസുള്ള ആണ്‍കുട്ടിയുമാണ് ഴാങ്ങിന് ഉണ്ടായിരുന്നത്.

വിവാഹിതനാണെന്നും 2 കുട്ടികളുണ്ടെന്നും മറച്ചുവച്ചാണ് ഴാങ് യേ ചെങ്ചെനുമായി ബന്ധത്തിലായത്. ഭാര്യയായ ചെന്‍ മെയ്‌ലിനുമായുള്ള വിവാഹബന്ധം ഇയാള്‍ 2020 ഫെബ്രുവരിയില്‍ വേര്‍പിരിഞ്ഞിരുന്നു.ഒന്നിച്ചുള്ള ജീവിതത്തിന് കുട്ടികള്‍ തടസമാണെന്നും അവരെ ഒഴിവാക്കിയാല്‍ മാത്രമേ മുന്നോട്ടുള്ള ജീവിതം സാധ്യമാകൂ എന്നും യേ ചെങ്‌ചെന്‍ നിലപാടെടുത്തതോടെയാണ് ആ 2 പിഞ്ചു കുഞ്ഞുങ്ങളെയും കൊല്ലാൻ ഴാങ് തീരുമാനിച്ചത്. ഇതിന് ശേഷം പൊട്ടിക്കരയുന്ന ഴാങ്ങിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. തല ചുമരില്‍ ഇടിച്ച് കരയുന്ന ഇയാളുടെ വീഡിയോ അന്ന് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

അന്ന് ഴാങ് പൊലീസിനു നൽകിയ മൊഴിയിൽ കുട്ടികൾ താഴെവീഴുമ്പോൾ താൻ ഉറങ്ങുകയായിരുന്നു എന്നും താഴെനിന്നുള്ള ആളുകളുടെ ബഹളം കേട്ടാണ് ഉണര്‍ന്നതെന്നുമാണ് മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് ഇയാൾ കാമുകിയുടെ നിർദേശ പ്രകാരം കുട്ടികളെ കൊല്ലുകയാണെന്ന് പൊലീസ് കണ്ടെത്തി.