ചൈനീസ് കൊവിഡ് വാക്‌സിനായ സിനോഫോമിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന ഉപാധികളോടെ അനുമതി നൽകി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിനാണ് സിനോഫോം. യുഎഇ, ഹംഗറി, പാകിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങൾ നിലവിൽ സിനോഫോമിന്റെ ഉപഭോക്താക്കളാണ്.
ചൈനയിൽ ഇതുവരെ ആറര കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിൻ മുതിർന്നവരിൽ ഉപയോഗിക്കാൻ നേരത്തെ 45 ഓളം രാജ്യങ്ങൾ അനുമതി നൽകിയിരുന്നു. താരതമ്യേന വില കൂടിയ വാക്‌സിനാണ് സിനോഫോം. ഡബ്ല്യു.എച്ച്ഒ.യുടെ അനുമതി ലഭിക്കാത്തതിനാൽ ചില രാജ്യങ്ങൾ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല. സിനോഫോം അടക്കം അഞ്ച് കൊവിഡ് വാക്‌സിനുകൾക്ക് ചൈന നേരത്തെ അനുമതി നൽകിയിരുന്നു. മറ്റൊരു വാക്‌സിനായ സിനോവോക്കിനും ഉടൻ ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് സിനോഫാം വാക്സിൻ?
സിനോഫാം എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയായ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ ഒരു ഘടകമായ ബീജിങ് ബയോളജിക്കൽ പ്രോഡക്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിനാണ് സിനോഫാം വാക്സിൻ. റോയ്‌റ്റേഴ്‌സിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഈ വാക്സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാലും, ഈ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളൊന്നും ഇതുവരെ പരസ്യമായി പുറത്തു വിട്ടിട്ടില്ല.