ഒരേസമയം ആറ് പേരോട് പ്രണയം; പണവും സമ്മാനങ്ങളും തട്ടി; യുവതി പിടിയില്‍!

0

ഒരേസമയം ആറ് പേരെ പ്രണയിച്ച യുവതി പിടിയിൽ. ചൈനയിലുള്ള ഒരു സ്ത്രീ ഒരേസമയം ആറ് പേരോട് പ്രണയം നടിച്ച് അവരില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു. സംഭവം പുറത്തുവന്നതോടെ, മാവോ എന്ന് വിളിക്കപ്പെടുന്ന 42 -കാരിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ ആറുപേരെ ഒരുപോലെ പ്രണയിച്ച് കൊണ്ട് നടക്കാന്‍ സാധിച്ച അവളുടെ ടൈം മാനേജ്മന്റ് കഴിവുകളെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ലോകമിപ്പോൾ.

സുന്ദരിയായ ഈ സ്ത്രീ അവിവാഹിതയാണെന്ന് പറഞ്ഞ് ഡേറ്റിംഗ് സൈറ്റുകളിലൂടെയാണ് തട്ടിപ്പ് നടത്തിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആറു പുരുഷന്‍മാരെ വഞ്ചിച്ച് ഒരേ സമയം അവരില്‍നിന്നും വില കൂടിയ വസ്തുക്കളും പണവും സമ്മാനമായി സ്വീകരിക്കുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. പുരുഷന്‍മാര്‍ പരസ്പരം ഇക്കാര്യം അറിയാതിരുന്നതിനാല്‍ തട്ടിപ്പ് ഏറെക്കാലമായി തുടര്‍ന്നുപോരുകയായിരുന്നു. അതിനിടയില്‍, ഒരാള്‍ക്ക് ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.

2021 ജൂലൈ-ഡിസംബര്‍ മാസങ്ങളിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് ചൈനീസ് മാധ്യമമായ ഡെയിലി ഇക്കണോമിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആറ് മധ്യവയസ്‌കരുമായാണ് മാവോ ഡേറ്റിംഗ് നടത്തിയത്. ഓരോരത്തേരുമായും നല്ല ബന്ധം പുലര്‍ത്തിയ ഈ സ്ത്രീ അവരെ കബളിപ്പിച്ച് സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടറുകള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങുകയും പലപ്പോഴായി അവരില്‍ നിന്നും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഇവരുടെ കാമുകന്മാരില്‍ ഒരാളായ ഇവു എന്നയാളാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇയാള്‍ക്ക് ഒരു ഘട്ടത്തില്‍ അവളുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. അങ്ങനെ അവളെ കുറിച്ച് അയാള്‍ രഹസ്യമായി അന്വേഷണം നടത്തി.

2021 ഓഗസ്റ്റ് 28 -ന് ഒരു ഡേറ്റിംഗ് സൈറ്റിലാണ് താന്‍ മാവോയെ കണ്ടുമുട്ടിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറഞ്ഞു. അവള്‍ ആവശ്യപ്പെട്ടതെല്ലാം താന്‍ മടി കൂടാതെ സാധിച്ച് കൊടുത്തതായും ഇയാള്‍ പറയുന്നു. ഒടുവില്‍ പ്രണയം അസ്ഥിയ്ക്ക് പിടിച്ച നിലയിലായി. അവളോട് വിവാഹത്തെ കുറിച്ച് അയാള്‍ സംസാരിച്ചു. എന്നാല്‍ ആദ്യമൊക്കെ സമ്മതം മൂളിയെങ്കിലും കാര്യത്തോടടുത്തപ്പോള്‍ അവള്‍ നൈസായി ഒഴിവായി. വിവാഹ വസ്ത്രത്തിനെന്നും പറഞ്ഞ് ഇയാളില്‍ നിന്ന് യുവതി പണം വാങ്ങിയിരുന്നു. പക്ഷേ, പിന്നീട് വിവാഹം നിരസിച്ചത്. ഇതോടെ അയാള്‍ക്ക് സംശയങ്ങളായി. തന്റെ പണം തിരികെ നല്‍കാന്‍ അയാള്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ പൊലീസില്‍ പരാതിപ്പെട്ടു.

പിന്നീട് നടന്ന അന്വേഷണത്തിലാണ് മാവോയുടെ കെണിയില്‍ വീണത് ഇവു മാത്രമല്ലെന്ന് പൊലീസിന് മനസ്സിലായത്. അവള്‍ മറ്റ് അഞ്ച് പുരുഷന്മാരെ കൂടി അതേ രീതിയില്‍ കബളിപ്പിക്കുകയായിരുന്നു. ആറ് മാസത്തിനിടെ ആറ് പുരുഷന്മാരില്‍ നിന്നായി 17 ലക്ഷം രൂപയാണ് ഇവള്‍ തട്ടിയെടുത്തത്. മോഷ്ടിച്ച പണം മുഴുവന്‍ അവള്‍ ചെലവഴിക്കുകയും ചെയ്തു.

മധ്യവയസ്‌കരായ പുരുഷന്മാരെയാണ് അവള്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി നിരവധി ഡേറ്റിംഗ് സൈറ്റുകളില്‍ മാവോ രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍, മാവോക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേസ് തുടരന്വേഷണത്തിലാണ്.