മാര്‍ത്താണ്ഡത്തുനിന്ന് രണ്ടു കിലോമീറ്ററോളം കുലശേഖരം റൂട്ടില്‍ സഞ്ചരിച്ചാല്‍ പയണം എന്ന സ്ഥലത്ത് എത്താം. അവിടെനിന്ന് ഇടത്തേക്കു തിരിഞ്ഞ് തിക്കുറിശ്ശി വഴി മൂന്നര കിലോമീറ്റര്‍ അകലെ കരിങ്കല്ലിൽ തീർത്ത ശില്പങ്ങളുടെ ഒരു മായിക ലോകമുണ്ട്, അതാണ് ചിതറാൽ. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആത്മീയകേന്ദ്രവും, കണ്ണിനു കുളിര്‍മയും, മനസ്സിന് ആനന്ദവും പകരുന്ന ദൃശ്യഭംഗിയും ചിതറാല്‍ മലമുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്കു വിരുന്നാണ്.
പതിമൂന്നാം നൂറ്റാണ്ടുവരെ തിരുച്ചാരണത്തു മല എന്നറിയപ്പെട്ടിരുന്ന ജൈനകേന്ദ്രം ചിതറാൽ എന്നാണ് ഇന്ന് അറിയപ്പെടുന്നത്. ജൈനമതത്തിലെ ദ്വിഗ്വമ്പരന്‍മാരായ ജൈനന്‍മാരുടെ വാസസ്ഥലമായിരുന്നു ഒരിക്കല്‍ ചിതറാൽ.1956ലെ സംസ്ഥാന പുനര്‍ക്രമീകരണത്തിന് മുന്‍പ് കേരളത്തിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം ഇപ്പോള്‍ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെ വിലവൻകോട് താലൂക്കിലാണ്.
മലമുകളിൽ കരിങ്കൽപ്പാറകൾ തുരന്ന് ഉണ്ടാക്കിയ ഗുഹാക്ഷേത്രവും ശില്പസൗകുമാര്യം തുളുമ്പുന്ന ഒരു പിടി ശിലാശില്പങ്ങലുമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. അതിലേറെ ഭംഗിയാണ് ഈ മലമുകളിലേക്കുള്ള യാത്ര…മല മുകളില്‍ അഭിമുഖമായിരിക്കുന്ന കരിങ്കല്ലുകള്‍ പാകി മനോഹരമാക്കിയ വീതിയേറിയ നടപ്പാതകള്‍, അവിടന്നിന്നങ്ങോട്ട് 800 മീറ്റര്‍ ദൂരം ചരിവുളള കയറ്റമാണ് പിന്നെയുളളത്.
വാഹന ഗതാഗതം സാധ്യമല്ല. കശുമാവ്, ബദാം മരങ്ങള്‍, ചുവപ്പും പിങ്കും നിറത്തിലുളള പൂക്കള്‍ അങ്ങനെ കാഴ്ചയുടെ ഒരു വസന്തം തന്നെയുണ്ട് വഴി നീളെ. ഈ മലയുടെ മനോഹാരിതയിലേക്ക് കയറിച്ചെല്ലാൻ കരിങ്കല്‍ പാകിയ പാത ഒരുക്കിയിട്ടുണ്ട്. മലകയറുമ്പോള്‍ ക്ഷീണമകറ്റാന്‍ ഇടയ്ക്കിടയ്ക്ക് കല്ലുകൊണ്ട് നിര്‍മിച്ച ബഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. കയറ്റം കയറി മുകളിലെത്തിയാല്‍ വിശ്രമിക്കാന്‍ ആല്‍മരം പടര്‍ന്നുനില്‍പ്പുണ്ട്. താമ്രപർണ്ണി നദിയും, പറളി ,കുഴിത്തുറ പുഴയും, ചില ചെറുനദികളും ചേർന്ന അഴകും അകലെ കാഴ്ചയിൽ പശ്ചിമഘട്ടവും നേരുന്ന ഭൂപ്രകൃതിയുമാണ് ചിതലാറിന്‍റെ മറ്റൊരു മനോഹാരിത.
ആല്‍ച്ചുവട്ടില്‍നിന്ന് അല്പം മുകളില്‍ കയറുമ്പോള്‍ വലതുഭാഗത്തായി കല്ലില്‍പണിത കവാടംകാണാം. കവാടത്തിലൂടെ രണ്ടു പാറകളുടെ ഇടുങ്ങിയ വിടവിലൂടെ താഴേക്ക് ഇറങ്ങാന്‍ പടിക്കെട്ടുകള്‍. അതുവഴിയാണ് ഭഗവതി ക്ഷേത്രത്തിനുമുന്നില്‍ എത്തേണ്ടത്. പടിക്കെട്ടുകള്‍ക്ക് ഇടതു ഭാഗത്തായി കല്ലില്‍ കൊത്തിയ മനോഹര രൂപങ്ങള്‍ സഞ്ചാരികളില്‍ ജൈനമത സ്മരണകള്‍ ഉണര്‍ത്തും. ബുദ്ധന്‍റെ വിവിധരൂപങ്ങളും സിംഹത്തിനരികില്‍ നില്ക്കുന്ന ദേവിയും മറ്റും നൂറ്റാണ്ടുകള്‍ കടന്നിട്ടും മനോഹരമായി നിലനില്‍ക്കുന്നു. കല്‍ത്തൂണുകളുള്ള ക്ഷേത്രത്തിന്‍റെ മുന്‍ഭാഗം കടന്നാല്‍ ശ്രീകോവില്‍ ഗുഹാക്ഷേത്ര രീതിയാണ്.
മൂന്നു ഗര്‍ഭ ഗൃഹങ്ങളുള്ള ക്ഷേത്രത്തില്‍ ഇപ്പോഴത്തെ പ്രതിഷ്ഠ ഭഗവതിയാണ്. 1913ല്‍ ശ്രീമൂലം തിരുനാളാണ് ഭഗവതി പ്രതിഷ്ഠ ചെയ്തതെന്നും അതുവരെ പദ്മാവതി ദേവിയായിരുന്നു പ്രധാന ആരാധനാമൂര്‍ത്തിയെന്നും പറയപ്പെടുന്നു. വിക്രമാദിത്യ വരഗുണന്‍റെ ഭരണകാലത്ത് എഴുതപ്പെട്ട ശിലാലിഖിതങ്ങളും ഇവിടെ കാണാം. എട്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടുവരെ ജൈനമത കേന്ദ്രമായിരുന്ന തിരുച്ചാരണത്തു മല ഇന്ന് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വിനോദ കേന്ദ്രവും ആത്മീയകേന്ദ്രവുമായി മാറിയിരി
ക്കുന്നു.
കുറച്ചുകൂടി മുന്നോട്ടു നടന്നാല്‍ വഴി രണ്ടായി പിരിയും. ഇടതുവശം തിരഞ്ഞെടുത്താല്‍ എത്തിച്ചേരുക കുട്ടികള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ഒരു പാര്‍ക്കിലേക്കാണ്. വലതുവശത്തുള്ള റോഡ് ചെന്നുചേരുന്നതാവട്ടെ കല്ലുകല്‍ കൊണ്ടുണ്ടാക്കിയ ഒരു പ്രവേശന കവാടത്തിലേക്കും. കവാടത്തിനു സമീപം നിലകൊള്ളുന്ന പടുകൂറ്റന്‍ ആല്‍മരത്തിന്‍റെ കുളിര്‍മ ഇതുവരെ കയറിയ കയറ്റത്തിന്‍റെ ക്ഷീണങ്ങളെല്ലാം മായ്ക്കാന്‍ പര്യാപ്തമാണ്. കവാടത്തില്‍ നിന്നും കല്‍പ്പടവുകള്‍ ഇറങ്ങി ചെല്ലുമ്പോള്‍ പിന്നെയും കാഴ്ചകളാണ്.
ശില്പകലയുടെ തനിമ കൊണ്ടും ജൈനസംസ്ക്കാരത്തിന്‍റെ പെരുമ കൊണ്ടും ചിതറാൽ വലിയൊരു പൗരാണികചരിത്രം അവകാശപെടുന്നുണ്ട്. കല്ലിൽ കൊത്തിയെടുത്ത മുഖമണ്ഢപവും ബലിപീഠവും, ശിലാചിത്രങ്ങൾ ആലേഖനം ചെയ്ത തൂണുകൾ, പ്രകൃതി ഒരുക്കിയ തീർത്ഥ കുളവും മലയിറങ്ങി തിരിച്ച് നടക്കുമ്പോഴും മനസിലങ്ങനെ മായാതെ നിൽക്കുന്ന കാഴ്ചകളാണ്.