ചൂര്‍ണിക്കര ഭൂമി തട്ടിപ്പ്: മുഖ്യ ഇടനിലക്കാരന്‍ അബു അറസ്റ്റിൽ

0

കൊച്ചി ∙ ചൂർണിക്കര ഭൂമി വിവാദത്തിൽ ഇടനിലക്കാരന്‍ അബു അറസ്റ്റിൽ. ആലുവ കാലടി സ്വദേശിയാണ് അറസ്റ്റിലായ അബു. റവന്യു അധികൃതരുടെ സഹായം ലഭിച്ചതായി അബു പൊലീസിന് മൊഴി നൽകി. എറണാകുളം റൂറൽ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

നിലം നികത്തി പുരയിടമാക്കാൻ ഉടമയില്‍നിന്നു ഏഴുലക്ഷം രൂപ വാങ്ങിയത് അബുവാണ്. അബുവാണു വ്യാജരേഖ തയാറാക്കിയതെന്ന് സ്ഥലമുടമ ഹംസ പൊലീസിനോടു പറഞ്ഞിരുന്നു.ആലുവയിലെ ബന്ധു വഴിയാണ് അബുവിനു പണം നൽകിയത്. രണ്ട് ലക്ഷം രൂപ പണമായും ബാക്കി ചെക്കായും നല്‍കിയെന്നായിയിരുന്നു ഹംസയുടെ മൊഴി. റവന്യൂവകുപ്പിലെ തിരുവനന്തപുരത്തുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായമാണ് ഇയാള്‍ക്ക് കിട്ടിയതെന്നാണ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് ചൂര്‍ണിക്കര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുയിട്ടുണ്ട്. ഇവരുടെ സാന്നിധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരും.

ചൂര്‍ണിക്കര വ്യാജരേഖക്കേസില്‍ നടന്നത് ലക്ഷങ്ങളുടെ ഇടപാടെന്നാണ് സൂചന. വ്യാജരേഖ ഉണ്ടാക്കാന്‍ ഇടനിലക്കാരന്‍ വാങ്ങിയത് 7 ലക്ഷം രൂപയെന്നും അബു ആണ് വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഭൂമിയുടെ ഉടമ ഹംസ പറഞ്ഞിരുന്നു. ബന്ധു ബഷീര്‍ ആണ് ഇടനിലക്കാരനെ പരിചയപ്പെടുത്തിയതെന്നും ഹംസ.

എറണാകുളം ചൂര്‍ണിക്കരിയലെ 25 സെന്‍റ സ്ഥലം നികത്താനായുള്ള വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യു കമ്മിഷണറേറ്റിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. നിലംനികത്താനുള്ള ഉത്തരവില്‍ കമ്മിഷണറുടെ സീല്‍ പതിച്ചത് ജീവനക്കാരി ആണെന്നും ഇവര്‍ക്ക് ഉത്തരവ് കൈമാറിയത് മറ്റൊരു ജീവനക്കാരിയെന്നുമാണ് നിഗമനം. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് റവന്യൂവകുപ്പിന്‍റെ വിലയിരുത്തല്‍. അബു പിടിയിലായതോടെ സംഭവത്തിന്‍റെ ചുരുളഴിയുമെനനാണ് പ്രതീക്ഷ.