മുംബൈ: ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. നാലു പതിറ്റാണ്ടോളമായി ബോളിവുഡിൽ നൃത്തസംവിധായികയായി സരോജ് ഖാന്‍ സജീവമാണ്.
ബാസിഗർ, ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ, ഹം ദിൽ ദേ ചുകേ സനം , ദേവദാസ്, ജബ് വി മെറ്റ്, മൊഹ്‌റ, ഗുരു, ലഗാൻ തുടങ്ങി 2000ത്തിലേറെ നൃത്ത പ്രാധാന്യമുള്ള ഗാനങ്ങളുടെ കോറിയോഗ്രഫി നിർവഹിച്ചത് സരോജ് ഖാനായിരുന്നു. ദ മദർ ഓഫ് ഡാൻസ് എന്നായിരുന്നു സരോജ് ഖാൻ അറിയപ്പെട്ടിരുന്നത്. മൂന്നു വട്ടം ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മാധുരി ദീക്ഷിത് അഭിനയിച്ച ‘ഏക് ദോ തീന്‍'(സിനിമ-തേസാബ്), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകള്‍വെച്ച ‘ഡോലാ രേ'(സിനിമ-ദേവദാസ്), കരീന കപൂര്‍ അഭിനയിച്ച ‘യേ ഇഷ്‌ക് ഹായേ'(സിനിമ-ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിര്‍വഹിച്ചത് സരോജ് ഖാനായിരുന്നു. അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത കലങ്ക് സിനിമയിലെ ‘തബാ ഹോ ഗയേ’ ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം.
ഗീത മേര നാം (1974) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി. മിസ്റ്റർ ഇന്ത്യയിലെ ഹവ ഹവായ് (1987) എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സരോജ് ശ്രദ്ധിക്കപ്പെട്ടത്.
മൂന്നാം വയസ്സിൽ ബാലതാരമായാണ് നിർമല നാഗ്പാൽ എന്ന സരോജ് ഖാൻ സിനിമയിൽ അരങ്ങറ്റം കുറിച്ചത്. 1950 കളുടെ അവസാനത്തിൽ ബാക്ക് ഗ്രൗണ്ട് ഡാൻസറായി ഒട്ടനവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. പ്രശസ്ത നൃത്ത സംവിധായകനായ ബി സോഹൻലാലിന്റെ കീഴിലായിരുന്നു അക്കാലമത്രയും പരിശീലനം. അതിനിടെ തന്റെ 13-മാത്തെ വയസ്സിൽ 43-കാരനായ സോഹൻലാലിനെ സരോജ് ഖാൻ വിവാഹം കഴിച്ചു. സോഹൻലാൽ നേരത്തേ വിവാഹിതനായിരുന്നു. എന്നാൽ അതറിയാതെയായിരുന്നു കൊച്ചുകുട്ടിയായിരുന്ന സരോജ് അദ്ദേഹത്തെ വിവാഹം ചെയ്തത്. വിവാഹശേഷവും സോഹൻലാലിനൊപ്പം തന്നെയായിരുന്നു സരോജിന്റെ യാത്ര. ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു.. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍.