CIAL ഗോള്‍ഫ് ക്ലബ്‌ : രണ്ടാം ഘട്ടം ഒരുങ്ങുന്നു

0

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഫ് ക്ലബ്ബുകളില്‍ ഒന്നാകാന്‍ തയ്യാറാവുകയാണ്‌  കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളത്തിനോട് അനുബന്ധിച്ചുള്ള  CIAL ഗോള്‍ഫ് & കണ്‍ട്രി ക്ലബ്‌ . ഇപ്പോള്‍  നിലവിലുള്ള  9 ഹോള്‍ ഗോള്‍ഫ് കോഴ്സിനെ  7400 അടി കൂടി വിപുലീകരിച്ച്  18 ഹോള്‍ ഗോള്‍ഫ് കോഴ്സ് ആക്കുന്നതിനുള്ള അവസാന ഘട്ട മിനുക്ക്‌ പണികള്‍ ദ്രുത ഗതിയില്‍  പുരോഗതിക്കുന്നു. ഈ വര്‍ഷാവസാനത്തോടു കൂടി പുതിയ ഗോള്‍ഫ് കോഴ്സ് തയ്യാറാകുമെന്ന് കരുതുന്നു.

12 കോടി ചിലവിട്ടാണ് ഈ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗതിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ CIAL – ഗോള്‍ഫ് & കണ്‍ട്രി ക്ലബ്‌ ഒരു "All-Weather" ഗോള്‍ഫ് കോഴ്സ് ആകും. ആദ്യ ഘട്ടത്തില്‍  18 കോടി ചിലവിട്ടു നിര്‍മ്മിച്ച ഈ ഗോള്‍ഫ് കോഴ്സ് ഇതോടു കൂടി  ഇന്‍റെര്‍നാഷണല്‍ നിലവാരമുള്ള ടൂര്‍ണമെന്‍ടുകള്‍  സംഘടിപ്പിക്കാന്‍ പറ്റിയ കേരളത്തിലെ ഏക 18 ഹോള്‍ ഗോള്‍ഫ് കോഴ്സ് ആയി മാറും.

പച്ച പുല്ലു വിരിച്ച 10 ഏക്കറില്‍ 4 തടാകങ്ങളും, ചെറിയ ചെറിയ കുന്നുകളും ഈ ഗോള്‍ഫ് കോഴ്സിനെ മനോഹരമാക്കുന്നു, 7 ഏക്കറില്‍ ഒരുങ്ങുന്ന രണ്ടാം ഘട്ടം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഗോള്‍ഫ് കോഴ്സ്  ആയി ഇത് അറിയപ്പെടും. കോരി ചൊരിയുന്ന മഴക്ക് ശേഷവും ഒരു തടസുവുമില്ലാതെ  മത്സരം  പുനരാരംഭിക്കാം എന്നുള്ള സവിശേഷതയും ഈ ഗോള്‍ഫ് ക്ലബിനെ മത്സര പ്രേമികള്‍ക്ക് പ്രിയമുള്ളതാക്കും.

തുടക്കക്കാര്‍ക്ക് വേണ്ടി ഒരു ഗോള്‍ഫ് അക്കാദമിയും മറ്റു സൗകര്യങ്ങളും ഇതോടൊപ്പം തയ്യാറായി വരുന്നു.