ന്യൂഡൽഹി: വ്യാപക പ്രതിഷേധത്തെത്തുടർന്ന് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മലയാളം വിലക്കിയത് വൻ വിവാദമായ സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഉത്തരവ് പിൻവലിച്ചത്.
തങ്ങളുടെ അറിവോടെ അല്ല ഉത്തരവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നഴ്സിങ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. മലയാളം വിലക്ക് ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു.
ജോലി സമയത്ത് നഴ്‌സുമാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നുമാണ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കുലറിൽ വിശദീകരണം. ജിബി പന്ത് ആശുപത്രിയിലെ നഴ്സുമാരിൽ 60 ശതമാനവും മലയാളികളാണ്.
ജോലി സ്ഥലത്ത് മലായാളം വിലക്കിക്കൊണ്ടുള്ള നഴ്സിംഗ് സൂപ്രണ്ടിന്റ നടപടിക്ക് എതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭാഷാപരമായ വ്യത്യാസത്തിന്റെ പേരിൽ ഉള്ള വിവേചനം അംഗീകരിക്കാൻ ആകില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശത്തിനു മേലുള്ള കടന്നു കയറ്റമെന്നാണ് ശശി തരൂർ എംപി പ്രതികരിച്ചത്. അതേസമയം സംഭവത്തിൽ ആശങ്ക അറിയിച്ചു KC വേണുഗോപാൽ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ് വർധന് കത്ത് നൽകി. നഴ്‌സിംഗ് സുപ്രണ്ടിന്റെ ഉത്തരവിനെതിരെ നഴ്സിംഗ് സംഘടനകളും വിമർശനമുന്നയിച്ചിരുന്നു.