
അലബാമ: ആഫ്രിക്കയിൽനിന്ന് യു.എസിലേക്ക് അടിമകളെ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന അവസാന കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.അലബാമയിലെ നദിയിലാണ് ക്ലോട്ടിൽഡഅടിമകപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.160 വർഷം മുമ്പ് അടിമവ്യാപാരത്തിന്റെ തെളിവുനശിപ്പിക്കാൻ മുക്കിക്കളഞ്ഞ കപ്പലാണിതെന്ന് ചരിത്രകാരന്മാരുടെ വിലയിരുത്തൽ.
ക്ലോട്ടിൽഡ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് അമേരിക്കയുടെ ചരിത്രത്തിലെ നഷ്ടപ്പെട്ടുപോയ പല സംഭവങ്ങളിലേക്കും വെളിച്ചംവീശുമെന്ന് നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയിലെ പുരാവസ്തുഗവേഷകൻ ഫ്രെഡറിക് ഹീബെർട്ട് പറഞ്ഞു.
കപ്പലിന്റെ ദൗത്യം ചരിത്രകാരന്മാർ നേരത്തേ കണ്ടെത്തിയിരുന്നു. 1807-ൽ അടിമകളെ കൊണ്ടുവരുന്നത് യു.എസ്. ഔദ്യോഗികമായി വിലക്കിയിട്ടും ദശാബ്ദങ്ങളോളം അത് രഹസ്യമായി തുടർന്നു. ക്ലോട്ടിൽഡയിൽ 1860-ൽ 110 പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം അലബാമയിലെത്തിയതായി അടിമക്കച്ചവടത്തെക്കുറിച്ച് പഠിച്ച് സിൽവിന അന്ന ദിയോഫ് രചിച്ച ഡ്രീംസ് ഓഫ് ആഫ്രിക്ക ഇൻ അലബാമ എന്ന പുസ്തകം പറയുന്നു. ആവർഷം തന്നെയാണ് തെളിവുകൾ നശിപ്പിക്കാനായി കപ്പൽ മുക്കിക്കളഞ്ഞത്.
“ക്ലോട്ടിഡയുടെ കണ്ടുപിടിത്തം ഒരു അസാധാരണ പുരാവസ്തു കണ്ടെത്തലാണ്,” കമ്മീഷന്റെ എക്സിക്യൂട്ടീവ് ഡയരക്ടർ ലിസ ഡിമാറ്റ്രോപ്പൊലോസ് ജോൺസ് പറയുന്നു. കപ്പൽ യാത്രയുടെ “ആധുനിക ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലെ അടിമത്തത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവാണിതെന്നും അദ്ദഹം വ്യക്തമാക്കി.