തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും പുത്തൻ പ്രതീക്ഷകളുമായി കുരുന്നുകൾ പുതിയ അധ്യയന വർഷത്തിലേക്ക്. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്ച്വലായി ഉദ്ഘാടനം ചെയ്തു. പുതിയ അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ സജ്ജീകരിച്ച വേദിയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അക്ഷരദീപം തെളിയിച്ചു. കോവിഡ് വ്യാപനം കുറയുമ്പോള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തില്‍ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
എല്ലാ പാഠഭാഗങ്ങളും ഇക്കുറി കുട്ടികള്‍ക്ക് അവരുടെ അധ്യാപകര്‍ തന്നെ ഡിജിറ്റലായി പഠിപ്പിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ആണ് ചടങ്ങുകളില്‍ നേരിട്ട് പങ്കെടുതത്. ചടങ്ങിന് മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ നേർന്നു. ശാസ്ത്ര, സാമൂഹിക രംഗത്തെ പ്രമുഖര്‍ കുട്ടികളുമായി ഓണ്‍ലൈനില്‍ സംവദിച്ചു.
കൊവിഡ് അതിജീവനത്തിനിടയില്‍ തുടര്‍പഠനം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ നടത്തും. പത്താം ക്ലാസ് വരെ 38 ലക്ഷം വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ കാണാതെ പഠനം നടത്തുക.രണ്ടാം തവണയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പ്രവേശനോത്സവം നടത്തുന്നത്. 3 ലക്ഷത്തോളം കുട്ടികള്‍ ഓണ്‍ലൈന്‍ വഴി ഒന്നാം ക്ലാസില്‍ ചേര്‍ന്നു.