നവകേരള സദസിന് കാസർഗോഡ് പൈവളികെയിൽ തുടക്കം. മഞ്ചേശ്വരത്തെ പൈവളികെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. നവകേരള സദസ് സർക്കാർ പരിപാടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഈ പരിപാടിയിൽ പ്രധാന റോളിൽ എംഎൽഎ ഉണ്ടാകണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നാടിന്റെ പരിപാടിയെന്നതിന് തെളിവാണ് വൻ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വേദിയിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
2016ന് മുമ്പുള്ള സർക്കാരായിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകില്ലെന്നും 2016 ന് മുമ്പ് കേരളീയർ നിരാശയിൽ ആയിരുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ വന്നതോടെ വികസനം ത്വരിതഗതിയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള ബസിലെ ആർഭാടം മാധ്യമങ്ങൾ നേരിട്ട് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബസിന്റെ ആർഭാടത്തെക്കുറിച്ച് പറഞ്ഞവർ പരിപാടിക്ക് പ്രചാരണം നൽകിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ആർഭാടം കണ്ടെത്താൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചു.