സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒൻപത് പേ‍ർ കാസർകോട് ജില്ലക്കാരാണ്. മലപ്പുറത്തെ രണ്ട് പേ‍ർക്കും കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഒരോരുത്തർക്കും ഇന്നു രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്. 152704 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്.

കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം വന്നത്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം വന്നത്. മറ്റുള്ളവര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് വന്നവരാണ്. കൊവിഡ് രോഗം ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലായി ഇതുവരെ 18 മലയാളികൾ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഔദ്യോഗികമായുള്ള വിവരങ്ങൾ വന്നാൽ മാത്രമേ വിദേശത്തെ മരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.അമേരിക്ക, യുകെ, യുഎഇ, സൌദി എന്നീ രാജ്യങ്ങളിലാണ് കൂടുതൽ പേരും മരിച്ചത്. അമേരിക്കയിൽ മാത്രം എട്ട് പേർ മരിച്ചു. കേരളത്തിൽ കൊവിഡ് വൈറസ് ബാധ നിയന്ത്രിതമായ രീതിയിലാണെങ്കിലും ആഗോളതലത്തിൽ സ്ഥിതി വളരെ മോശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.