ഓരോ മഴക്കാലവും എത്ര മനോഹരമായ ഓർമകളാണ്

0

ഇതുമൊരു ജൂൺ മാസമാണ്.

പഠിച്ചിറങ്ങിയ കോളജിലേക്ക് ഒരു തിരിച്ച് പോക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതും പന്ത്രണ്ട് വർഷങ്ങൾക് ശേഷം

ആദ്യമായാണ് ഞങ്ങളുടെ ഡിഗ്രീ ബാച്ചിൻ്റെ ഒരു പൂർവ വിദ്യാർത്ഥി സംഗമം വെക്കുന്നത്.

എന്തുകൊണ്ട് ഞങ്ങളിൽ ആർക്കും കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടക്ക് ഒരിക്കൽ പോലും ഒരു കൂടിക്കാഴ്ച വേണമെന്ന് തോന്നിയില്ല.

ഒരുപക്ഷേ എന്നെപോലെ അവരും ജീവിതത്തിൻ്റെ എന്തൊക്കയോ തിരക്കുകളിൽ എല്ലാം മറന്ന് തുടങ്ങിയിട്ട് ഉണ്ടാവും

പക്ഷേ മറന്നു തുടങ്ങിയത് ഒന്ന് പൊടി തട്ടി ഓർത്തു എടുക്കാൻ ഇത്രയും നാൾ വേണ്ടി വന്നു.

ഞങ്ങൾ ഇരുപത്തിനാല് പേരായിരുന്നു അന്നത്തെ ഹിസ്റ്റ്റ്ററി ബാച്ചിൽ ഉണ്ടായിരുന്നത്. പത്ത് ആൺകുട്ടികളും പതിനാല് പെൺകുട്ടികളും

എല്ലാവരും തന്നെ ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കും. ആകെ സംശയം ഉണ്ടായിരുന്നത് സതീഷിൻ്റെ കാര്യം ആയിരുന്നു അവൻ വിദേശത്ത് ഭാര്യയോടൊപ്പം സ്ഥിരം താമസം ആക്കിയിട്ട് അഞ്ച് വർഷമായന്ന് കഴിഞ്ഞ ഇടക്കാണ് ഞാൻ അറിഞ്ഞത്.

സ്വന്തം അനിയൻ്റെ കല്യാണം നടന്നിട്ട് പോലും അവൻ നാട്ടിൽ വന്നിരുന്നില്ല അങ്ങനെയുള്ളവൻ ഈ ഒത്ത് ചേരലിന് വരുമോ എന്നതായിരുന്നു എല്ലാവരുടെയും സംശയം.

പക്ഷേ ഇന്ന് അവനും എത്തും അഞ്ച് വർഷങ്ങൾക്ക് ശേഷം എല്ലാവരെയും കാണാൻ..

ഞാൻ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് അടുത്തുള്ള ജനലിൻ്റെ കർട്ടൻ ഒന്ന് മാറ്റി പ്രതീക്ഷിച്ച വെളിച്ചം ഉണ്ടായിരുന്നില്ല നല്ല മഴക്കുള്ള കോളും..

സമയം ഒട്ടും വൈകാതെ എന്തെന്ന് ഇല്ലാത്ത സന്തോഷത്തിൽ കുളിച്ചൊരുങ്ങി. കൊണ്ടുവന്ന ബാഗ് തുറന്നു നോക്കി ഇന്നലെ വാങ്ങിയ കസവ് മുണ്ടും അല്പം മുഷിയാത്ത ഒരു കറുത്ത ഷർട്ടും ഇരിപ്പുണ്ട്.

കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു നാടൻ വേഷം. ഡ്രസ്സ് മാറി ഞാൻ കാറിൽ കയറി.

ഞാൻ താമസിക്കുന്ന ഈ ഹോട്ടെലിൽ നിന്നും ഏതാണ്ട് ഒരു മണിക്കൂർ ആണ് എൻ്റെ കോളജിലേക്ക് ഉള്ളത്. ട്രാഫിക് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചാണ് നേരത്തെ ഇറങ്ങിയത്.

നല്ല മഴ ഉണ്ടായിരുന്നു. വഴിയരികിൽ സ്കൂളിൽ പോകുവാൻ കുട ചൂടി ബസ്സ് കാത്ത് നിക്കുന്ന ഒരുപാട് കുട്ടികളെ കണ്ടു.

“ഓരോ മഴക്കാലവും എത്ര മനോഹരമായ ഓർമകളാണ് എന്ന് ഞാൻ ഓർത്തുപോയി.

കോളജിൻ്റെ കവാടത്തിന് മുന്നിൽ എത്തി ഇന്ന് ക്ലാസ്സ് ഉള്ള ദിവസം ആയിരുന്നില്ല അതുകൊണ്ട് ചുറ്റും നിശബ്ദം ആയിരുന്നു..

വണ്ടി കവാടത്തിന് മുന്നിൽ ഒരു മിനിറ്റ് ഞാൻ നിർത്തി കവാടത്തിൻ്റെ പെയിൻ്റ് അന്നത്തെ ചുവപ്പ് മാറി ഒരു മഞ്ഞ നിറം ആയിട്ടുണ്ട്.

ഇതുപോലെ ഒരു മഴക്കാലത്ത് ബസ്സ് ഇറങ്ങി നനഞ്ഞു കുളിച്ച് ഒരു കുടയിൽ ഞങ്ങൾ മൂന്നാലു പേരൊക്കെ വന്ന ആ കാലം ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി..

കവാടത്തിൽ നിന്നും കോളജിലേക്ക് ഏതാണ്ട് ഒരു അരക്കിലോമീറ്റർ ഉണ്ടാവും.

വണ്ടിയുമായി മുന്നോട്ട് പോവാൻ തോന്നിയില്ല കവാടത്തിന് സൈഡിൽ വണ്ടി പാർക്ക് ചെയ്ത് ഞാൻ ഇറങ്ങി.

ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു കുട മനഃപൂർവം ഒഴിവാക്കി

ചെറിയ ചാറ്റൽ മഴയത്ത് ഒറ്റക്ക് കോളജിലേക്കുള്ള ഈ വഴിയിലൂടെ നടന്നു പോവുന്നത് ഞാൻ ആദ്യമായാണ്..

ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും ഒരുപാട് ഓർമകൾ മനസ്സിലൂടെ കടന്നു പോയി.

ബോയ്സ് ഹോസ്റ്റലിൻ്റെ മുന്നിൽ ഗേറ്റ് തുറന്നിട്ടിരിക്കുന്നു. ഹോസ്റ്റലിൻ്റെ രണ്ടാം നിലയിലെ ആ വരാന്തയിൽ ഞങ്ങൾ ഈ വഴിയിലൂടെ പോയിരുന്ന പെൺകുട്ടികളെ നോക്കി കമ്മൻ്റ് അടിച്ചതാണ് ആദ്യം ഓർമ്മ വന്നത്

കോളേജിൻ്റെ മുൻവശം കാണാവുന്ന അത്രയും അടുത്ത് എത്തി.. ഇന്നും ആ വെള്ള പതാക തന്നെയാണ് പാറി പറക്കുന്നത്..

തൊണ്ട കീറി വിളിച്ച മുദ്രാവാക്യങ്ങളും. രക്തഹാരമണിഞ്ഞ് ഈ കൊടിയുടെ ചുവട്ടിൽ നിന്ന് പാടിയ വിപ്ലവ ഗാനങ്ങളും എൻ്റെ കാതിൽ മുഴങ്ങി കേൾക്കാം.

ഗേറ്റ് തുറന്നിട്ടിരുന്നു പഠിച്ചിറങ്ങിയ കലായത്തിൻ്റെ മണ്ണിൽ ചവിട്ടിയപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു.

മഴയുടെ ശക്തി കൂടി ഞാൻ നടത്തിൻ്റെ വേഗത കൂട്ടി. ഓഡിറ്റോറിയത്തിൽ ആണ് പരിപാടി നടക്കുന്നത്

പണ്ട് കോളജിൽ എല്ലാ യൂണിയൻ പരിപാടികൾക്കും ഓടി നടന്നതുപോലെ ഒന്ന് ഓടാൻ തോന്നി

പഴയ പോലെ പറ്റിയില്ലെങ്കിലും കിതച്ചുകൊണ്ട് ഓഡിറ്റോറിയത്തിലേക്ക് ചെന്നു

എല്ലാവരും എന്നെ നോക്കി എഴുനേറ്റു നിൽക്കുന്നു. സ്റ്റേജിൽ മൗനപ്രാർത്ഥന നടക്കുകയാണ്.

അശ്വതി വരച്ച എൻ്റെ മാലയിട്ട കളർ ചിത്രത്തിൽ പ്രിയപെട്ട കൂട്ടുകാരൻ ദീപം തെളിയിച്ചുകൊണ്ട് പൂർവ വിദ്യാർത്ഥി സംഗമം ഉൽഘാടനം ചെയ്തു.

Photo by Vlad Chețan from Pexels