കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 26-ാം സ്വര്‍ണ്ണം; വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈനയ്ക്ക് സ്വര്‍ണം

0

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേവാളിന് സ്വര്‍ണം. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സൈന സ്വര്‍ണം നേടിയത്. സ്‌കോര്‍: 21-18, 23-21. ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്.

പുരുഷ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്തിന് കാലിടറി. മലേഷ്യയുടെ വെറ്ററന്‍ താരം ലി ചോംഗ് വെയാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. ലോക ഒന്നാം നമ്പര്‍ പദവിയോടൊപ്പം സ്വര്‍ണ്ണത്തിളക്കവും സ്വപ്നം കണ്ടിറങ്ങിയ ശ്രീകാന്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. സ്‌കോര്‍ 19-21, 21-14, 21-14. സെമിയില്‍ മലയാളി താരം പ്രണോയിയെ പരാജയപ്പെടുത്തിയാണ് ലീ ാേംഗ് ഫൈനലില്‍ എത്തിയത്.

ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള സിന്ധുവിനെ അട്ടിമറിച്ചാണ് പത്താം സ്ഥാനത്തുള്ള സൈന സ്വര്‍ണ്ണം നേടിയത്. 21-18 എന്ന സ്‌കോറില്‍ ആദ്യ സെറ്റും 23-21 നു രണ്ടാം സെറ്റും സ്വന്തമാക്കിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ എതിരാളിയെ തറപ്പറ്റിച്ചത്.

സ്‌കോട്ട്‌ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ തോല്‍പ്പിച്ചാണ് സൈന ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പി.വി സിന്ധു അവസാന പോരാട്ടത്തില്‍ ഇന്ത്യന്‍ ഫൈനലിന് കളമൊരുക്കിയത്. ഇതോടെ 26 സ്വര്‍ണ്ണവും 19 വെള്ളിയും 20 വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍വേട്ട 65 ല്‍ എത്തി. ഗെയിംസിന്റെ അവസാന ദിനത്തിലും ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 79 സ്വര്‍ണ്ണവുമായി ഓസ്‌ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. 43 സ്വര്‍ണ്ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.