മെയ് എട്ട് മുതല്‍ പതിനാറുവരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗൺ

0

തിരുവനന്തപുരം: മെയ്‌ എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാരിൽ നിന്ന് വരാൻ കാത്തിരിക്കുകയാണ്. കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. പാൽ വിതരണം, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ ഉണ്ടാകും. പ്രവർത്തന സമയവും മറ്റ് നിർദ്ദേശങ്ങളും സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ഇന്ന് വൈകിട്ടോടെ സർക്കാർ പുറത്തിറക്കും.

ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. വിദഗ്ധസമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം.

മിനി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. മാത്രമല്ല, പൊലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാനുമായില്ല. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.