ലഖിംപുര്‍ ഖേഡി; കര്‍ഷകര്‍ക്ക്‌ മേല്‍ വാഹനം പാഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

0

ലക്നൗ∙ യുപിയുലെ ലഖിംപുര്‍ ഖേരിയിൽ കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാല്‍നടയായി കര്‍ഷകര്‍ മുന്നോട്ടുപോകുമ്പോള്‍ പിന്നാലെയെത്തിയ വാഹനം ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

വെള്ള ഷർട്ടും പച്ച ടർബനും ധരിച്ച കർഷകൻ ജീപ്പിന്റെ ബോണറ്റിലേക്ക് വീണപ്പോൾ മറ്റുള്ളവർ സ്വയരക്ഷയ്ക്കായി ഇരുഭാഗങ്ങളിലേക്കും മാറുന്നതും വിഡിയോയിൽ കാണാം. കര്‍ഷകരെ ഇടിച്ച വാഹനത്തിനു പുറമേ, മറ്റൊരു വാഹനവും പിന്നാലെ കടന്നുപോകുന്നുണ്ട്. സമരക്കാരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. വിഡിയോ കോൺഗ്രസും ട്വീറ്ററിൽ പങ്കുവച്ചു.

സംഭവത്തിൽ കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൊലപാതകത്തിനു കേസെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്കിടയിലേക്ക് ഓടിച്ചുകയറ്റിയെന്നാണു കേസ്. തുടർന്നുള്ള സംഘർഷത്തിൽ മന്ത്രിയുടെ ഡ്രൈവർ ഉൾപ്പെടെ 3 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ കർഷകർക്കെതിരെയും കേസെടുത്തു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ പിന്നിലൂടെ എത്തിയ വാഹനം അവര്‍ക്കുമേല്‍ ഇടിച്ചുകയറുന്നത് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ നല്‍കിയ വിവരണങ്ങളോട് യോജിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങള്‍.