ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദൽ എന്തിനെന്ന് അംബിക സോണി ചോദിച്ചു. ഗാന്ധി കുടുംബത്തിൽ പ്രവർത്തക സമിതിയിൽ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നുമാണ് വിവരം.
ഗാന്ധി കുടുംബം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രവർത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോർട്ടിങ് നടന്നു. നേതാക്കളിൽ ഭൂരിഭാഗവും ചർച്ചകളിൽ പങ്കെടുത്തു.
ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചർച്ചയാകാമെന്ന നിലപാട് ഇവരും പൊതുവിൽ അംഗീകരിച്ചു. ഏപ്രിലിൽ ചിന്തൻ ശിബിർ നടത്താൻ തീരുമാനമായി. പാർട്ടിക്ക് അതിൻ്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂർണ്ണ ബോധ്യമുണ്ടെന്ന് വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു.
സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തോൽവി അതീവ ഗൗരവമെന്ന് വിലയിരുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാർലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തൻ ശിബിർ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകൾ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.