ഒടുവിൽ കൊറോണയെ കൊറോണ പിടികൂടി; ബിയര്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി

0

മെക്‌സിക്കോ സിറ്റി: ലോകപ്രശസ്തമായ കൊറോണ ബിയറിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുകയാണ് മെക്‌സിക്കന്‍ നിര്‍മ്മാണ കമ്പനി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബിയര്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ അറിയിച്ചു. .

കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏപ്രില്‍ 30 വരെ അവശ്യസേവനങ്ങളൊഴികെ ഏല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള മെക്‌സിക്കന്‍ സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. ലോകത്ത് ഏറ്റവുമധികം കയറ്റുമതിയുള്ള ബ്രാന്‍ഡ് ആണ് കൊറോണ.

നിലവില്‍ ഉതപാദനം വളരെ കുറച്ചിരിക്കുകയാണെന്നും വരുംദിവസങ്ങളില്‍ ബിയറിന്റെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തുമെന്നും അവര്‍ പറഞ്ഞു. മെക്‌സിക്കോയിലെ മറ്റ് പ്രമുഖ ബിയര്‍ നിര്‍മാതാക്കളായ ഹൈനെകെന്‍ – ടെകേറ്റ്, ഡോസ് ഇക്വിസ് എന്നിവയും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചിരുന്നു.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് മീമുകളിലും ട്രോളുകളിലുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് കൊറോണ ബിയര്‍. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കൊറോണ ബിയറിന്റെ ഉപഭോക്താക്കള്‍ ബിയറുപയോഗം നിര്‍ത്തിയതായും യുഎസിലേക്കുള്ള കയറ്റുമതിയില്‍ 40 ശതമാനം കുറവ് വന്നതായും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗ്രൂപോ മോഡലോ ഇത് നിഷേധിച്ചിട്ടുണ്ട്.