വൈറസ് വുഹാനിൽ നിന്ന്; 5 രാജ്യങ്ങളുടെ അന്വേഷണം; ചൈന ലോകത്തെ ചതിച്ചെന്ന് ചാരന്മാര്‍

0

ബെയ്ജിങ് ∙ സാര്‍സ് കോവ്-2 വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടരുമെന്ന കാര്യം മറച്ചുവച്ച ചൈന, വാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ തയാറായില്ലെന്നുംചാരൻമാരുടെ കണ്ടെത്തൽ. ഫൈവ് ഐസ്’ എന്ന രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് വൈറസിനെപ്പറ്റി ചൈന ലോകത്തില്‍നിന്ന് പലതും മറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമാണ് ‘ഫൈവ് ഐസ്’.

വൈറസ് ബാധയുടെ പ്രഭവകേന്ദ്രമെന്ന് ചൈന ലോകത്തിനോട് പറഞ്ഞ വുഹാനിലെ വെറ്റ്മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വൈറോളജി ലാബിലാണ് ആദ്യം വൈറസ് ബാധയുണ്ടായതെന്നാണ് ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. ഈ ലാബില്‍ നടന്ന പരീക്ഷണത്തിനുപയോഗിച്ച കൊറോണ വൈറസ് നിലവിലെ കോവിഡ് വൈറസുമായി 96% സാമ്യം പുലര്‍ത്തിയിരുവെന്നുമാണ് ആരോപണങ്ങള്‍. രാജ്യാന്തര സുതാര്യതയ്ക്കു നേരെ നടത്തിയ ആക്രമണമായിരുന്നു ചൈനയുടെ നടപടിയെന്നും 15 പേജുള്ള റിപ്പോര്‍ട്ടിൽ പറയുന്നു.

വൈറസിനെപ്പറ്റി പല കാര്യങ്ങളും ചൈന മറച്ചുവെച്ചു. ഇതില്‍ ഏറ്റവും പ്രധാനം വൈറസിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുണ്ടെന്ന വിവരമാണ്. വൈറോളജി ലാബിലെ ചില ഗവേഷകരെ കാണാതായതും ചിലരെ നിശബ്ദരാക്കിയതുമൊക്കെ അപകടസൂചനകളാണ്. തെളിവുകള്‍ മറയ്ക്കുന്നതിന്റെ ഭാഗമായാണ് വൈറസിന്റെ സജീവ ജനിതക വിവരങ്ങള്‍ ചൈന മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറാതിരുന്നത്. ഇതിലൂടെ മറ്റ് രാജ്യങ്ങള്‍ക്ക് വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയാതെ പോയത് എന്നൊക്കെയാണ് റിപ്പോർട്ടിൽ പറയുന്നത്.

വിമര്‍ശകരുടെ വായടപ്പിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചത്. കൊറോണ നേരിട്ടതിനെക്കുറിച്ച് ഓണ്‍ലൈനില്‍ ഉയര്‍ന്ന സംശയങ്ങളും ചൈന നീക്കം ചെയ്തു. 2019 ഡിസംബറിന് മുമ്പുതന്നെ രോഗവ്യാപനം സംഭവിച്ചിരുന്നുവെങ്കിലും ചൈന അത് മറച്ചുവെച്ചു. മാത്രമല്ല, വവ്വാലില്‍ കാണപ്പെടുന്ന വൈറസിനെപ്പറ്റിയുള്ള പഠനമാണ് വൈറോളജി ലാബില്‍ നടന്നുകൊണ്ടിരുന്നത്. രാജ്യത്ത് യാത്രാനിരോധനം കൊണ്ടുവന്നപ്പോഴും ചൈന ലോകത്തോട് പറഞ്ഞത് അത് അത്യാവശ്യമല്ല എന്നായിരുന്നു.

കോവിഡിനു കാരണമായ വൈറസുമായി ജനിതകഘടനയില്‍ 96 ശതമാനം സാമ്യമുള്ള വവ്വാലുകളില്‍നിന്നുള്ള വൈറസുകളെക്കുറിച്ചാണു ലാബില്‍ പഠനം നടന്നിരുന്നത്. വവ്വാലുകളില്‍നിന്നു മനുഷ്യരിലേക്ക് ഇതു പടരുമെന്ന് 2015-ല്‍ തന്നെ കണ്ടെത്തിയിരുന്നു. ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 31 മുതല്‍ വൈറസിനെപ്പറ്റി സെര്‍ച്ച് ചെയ്യുന്നതിന് ചൈനയില്‍ സെന്‍സര്‍ഷിപ്പ് വന്നു. സാര്‍സ് വേരിയേഷന്‍, വുഹാന്‍ സീ ഫുഡ് മാര്‍ക്കറ്റ്, വുഹാന്‍ അണ്‍നോണ്‍ ന്യുമോണിയ തുടങ്ങിയ വാക്കുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

വൈറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതാണ് ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയന്‍ സാറ്റര്‍ഡെ ടെലഗ്രാഫാണ് രേഖകള്‍ പുറത്തുവിട്ടത്. വവ്വാലുകളുമായി ബന്ധപ്പെട്ട വൈറസുകളെകളെക്കുറിച്ച് അപകടകരമായ പരീക്ഷണങ്ങളാണു ലാബില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകരാജ്യങ്ങളില്‍നിന്നു മറച്ചുവച്ച ചൈന, രോഗത്തെക്കുറിച്ചുള്ള എല്ലാ തെളിവുകളും രഹസ്യമായി നശിപ്പിക്കുകയായിരുന്നു. ലബോറട്ടറി സാംപിളുകള്‍ നശിപ്പിച്ചു, വെറ്റ് മാര്‍ക്കറ്റ് സ്റ്റാളുകള്‍ അണുവിമുക്തമാക്കി, മറ്റു രാജ്യങ്ങള്‍ സാംപിള്‍ ആവശ്യപ്പെട്ടത് തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണു ചൈന ചെയ്തതെന്നും രേഖകളിൽ പറയുന്നു.

വുഹാനില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിന് മുമ്പുതന്നെ ലക്ഷക്കണക്കിന് ആളുകള്‍ അവിടെനിന്ന് പുറത്തേക്ക് യാത്രചെയ്ത് ഇവരിലൂടെ രോഗം വ്യാപിച്ചിരുന്നു. അയല്‍രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടും ഹ്യൂബെ പ്രവിശ്യ അടച്ചിട്ട ചൈന മറ്റു രാജ്യങ്ങള്‍ നടപ്പാക്കിയ യാത്രാ വിലക്കിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. ജനുവരി 23ന് വുഹാന്‍ ലോക്ഡൗണ്‍ ചെയ്യുന്നതിനു മുമ്പു തന്നെ ആയിരക്കണക്കിന് ആളുകള്‍ അമേരിക്ക, ഇറ്റലി, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലേക്ക് യാത്രചെയ്ത് കഴിഞ്ഞിരുന്നു.

ഇതിനിടയ്ക്ക് വൈറസിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി നശിപ്പിക്കുകയാണ് ചൈന ചെയ്തിരുന്നത്. വൈറസ് സാംപിളുകള്‍ നശിപ്പിക്കാന്‍ ജനുവരി 3ന് ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഉത്തരവിട്ടു. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും വിലക്കി. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ശ്രമിച്ച ഡോക്ടര്‍മാരും ഗവേഷകരും നിശബ്ദരാക്കപ്പെട്ടു.

ഇത്തരത്തിലൊരാളാണ് വൈറേളജി ലാഹബിലെ ഗവേഷകയായിരുന്ന ഹ്വാങ് യാന്‍ ലിങ്. ഇവരെ ദുരൂഹസാഹചര്യത്തിൽ കാണാതായി. മാത്രമല്ല ലാബിന്റെ സൈറ്റില്‍ നിന്ന് ഇവരുടെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. വൈറസിന്റെ ആദ്യ ഇര ഇവരായിരുന്നുവെന്നാണ് ആരോപണം. വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഫാങ് ബിങ്, അഭിഭാഷകനായ ചെന്‍ ക്വിഷി, മാധ്യമപ്രവര്‍ത്തനായ ലി സെഹ്വ തുടങ്ങിയവരെ കാണാനുമില്ല. ഇവരെ അധികൃതര്‍ രഹസ്യമായി തടവില്‍ പാര്‍പ്പിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.