സംസ്ഥാനത്ത് രണ്ട് പേര്‍ക്കുകൂടി കൊറോണ; 4180 പേര്‍ നിരീക്ഷണത്തിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍നിന്നെന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളേജിലും തൃശ്ശൂര്‍ സ്വദേശിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 4,180 പേര്‍ നിരീക്ഷണത്തിലാണ്. ഇതിൽ 3,910 പേർ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമുണ്ട്.1,337 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 953 ഫലങ്ങളും നെഗറ്റീവാണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സാംപിൾ പരിശോധന ആരംഭിച്ചു. ഇന്ന് 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 33 പേർക്ക് രോഗം ഇല്ലെന്നു കണ്ടെത്തി. 4,701 പേരെ രോഗബാധ ഇല്ലെന്നു കണ്ട് നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. 900 പേർ പുതുതായി നിരീക്ഷണ പരിധിയിലുണ്ട്. ജനങ്ങൾ പൊതുവെ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് പറയാനാകില്ലെന്നും പ്രതിരോധ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.