കൊറോണ: പത്തനംതിട്ടയിലെ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് യുവാവ് ചാടിപ്പോയി

0

പത്തനംതിട്ട ∙ കൊറോണ വൈറസ് (കോവിഡ് 19) ബാധ സംശയിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് ചാടിപ്പോയി. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണിപ്പോൾ.

ഇറ്റലിയിൽ നിന്ന് നേരിട്ടും അല്ലാതെയും രോഗബാധിതരായ അഞ്ച് പേരുമായി ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളാണ് ഇപ്പോൾ ചാടിപോയിരിക്കുന്നത്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ കടന്നുകളഞ്ഞത്.

യുവാവിനെ എത്രയും വേഗം കണ്ടെത്താനും തിരികെയെത്തിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍. യുവാവിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു. തുടര്‍ന്ന് ചില രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.