തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി. മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന്.
ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു. എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂർ ഏഴ്, തൃശ്ശൂർ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസർകോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്. പത്ത് പേർക്കാണ് ഫലം നെഗറ്റീവായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോട് ഒന്ന് വീതം.
കോട്ടയം ജില്ലയിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി ഇന്ന് മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 1150 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 577 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ള 124163 പേർ. 1080 പേർ ആശുപത്രികളിൽ.
ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകൾ ശേഖരിച്ചതിൽ 10635 നെഗറ്റീവാണ്. 101 ഹോട്ട്സ്പോട്ടുകളുണ്ട്. ഇന്ന് 22 ഹോട്ട്സ്പോട്ടുകൾ പുതിയത്.
എം.പി.വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണു മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് എന്നും നിൽക്കാൻ നിഷ്കർഷ കാട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം. സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കും എതിരായ നിലപാടുകളിൽ അദ്ദേഹം അചഞ്ചലമായ നില കൈകൊണ്ടു. ഇതില്‍ വിട്ടുവീഴ്ച ചെയ്താൽ കിട്ടുമായിരുന്ന സ്ഥാനങ്ങൾ വേണ്ടെന്നു വച്ചു. സോഷ്യലിസ്റ്റ് പാരമ്പര്യം അച്ഛനിൽനിന്നും ലഭിച്ചതാണ്. മാധ്യമ, സാഹിത്യ രംഗങ്ങളിൽ അടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഗാട്ടും കാണാച്ചരടും പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൻ സബ് ജയിലിൽ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ സബ് ജയിലിലും റിമാൻഡ് പ്രതിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ഇടങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്.
പ്രതികൾ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. തടവുകാരെ പ്രവേശിപ്പിച്ച് നിരീക്ഷിക്കാൻ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിശ്ചയിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിൽ പുതുതായി തിരഞ്ഞെടുക്കുന്ന തടവുകാരെ സുരക്ഷാ സംവിധാനങ്ങളോടെ ഏറ്റെടുക്കുന്നതിന് ജയിൽ ജീവനക്കാരെ ചുമതലപ്പെടുത്തി.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ സംസ്ഥാനത്ത് ഇപ്പോൾ വല്ലാതെ ആശങ്ക വേണ്ട. ലോക്ഡൗൺ ഇളവുവരുമ്പോൾ അതു പ്രതീക്ഷിച്ചതാണ്. കോവിഡ് മാനേജ്മെന്റിന് മാത്രമായി മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഇതുവരെ 620 കോടി 71 ലക്ഷം രൂപ ലഭ്യമാക്കി. അതില്‍ 227 കോടി 35 ലക്ഷം ചെലവാക്കി. സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12191 ഐസലേഷൻ ബെഡുകൾ സജ്ജമാണ്. അതിൽ ഇപ്പോൾ 1080 പേരാണ് ഉള്ളത്.
1296 സർക്കാർ ആശുപത്രികളിൽ 49702 കിടക്കകൾ, 1369 ഐസിയു, 1045 വെന്റിലേറ്റർ എന്നിവയുണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളും ഉണ്ട്. 851 കൊറോണ കെയർ സെന്ററുകളാണ് ഉള്ളത്. അതുകൊണ്ട് ഇപ്പോൾ രോഗികൾ വർധിക്കുന്നു എന്നതു കൊണ്ട് വല്ലാത പരിഭ്രമിക്കേണ്ട. ഇന്ന് സമ്പർക്കം വഴി ഒരാൾക്കാണ് രോഗം വന്നത്.
രോഗം ബാധിച്ചവരിൽനിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകൾ വർധിപ്പിക്കുന്നത്. ഐസിഎംആർ നിർദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തിൽ പരിശോധിക്കുന്നുണ്ട് പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. 100 ടെസ്റ്റിൽ 1.7 ആളുകൾക്കാണ് പോസിറ്റീവ് ആകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ആണ്. രാജ്യത്ത് 5 ശതമാനം. കൊറിയയിലേതുപോലെ 2 ശതമാനത്തിൽ താഴെ ആകാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. കേരളം അതു കൈവരിച്ചിട്ടുണ്ട്.