ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധ മൂലം അമേരിക്കയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. . രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര സാമ്പത്തിക പാക്കേജിനാണ് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത്. സെനറ്റിന്റെ അംഗീകാരം നേരത്തെ തന്നെ ലഭിച്ചിരുന്നു. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു.
വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തി പഠനമനുസരിച്ച് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നതോടെ അമേരിക്കയില്‍ മാത്രം അടുത്ത നാല് മാസത്തിനുള്ളില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്.
ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ കൊറോണ വൈറസ് പകര്‍ച്ച അതിന്റെ തീവ്രതയിലെത്തുമെന്നും ജൂലൈ വരെ രോഗബാധയേ തുടര്‍ന്നുള്ള മരണങ്ങള്‍ തുടരുമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മാസത്തോടെ മരണനിരക്ക് കുറയുമെന്നും ദിവസം 10 പേര്‍ എന്ന നിലയിലേക്ക് എത്തിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ പഠനം നടത്തിയത്. ഇതനുസരിച്ച് രോഗ വ്യാപനം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ 38,000 മുതല്‍ 162,000 ആളുകള്‍ വരെ അമേരിക്കയില്‍ മരിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് 1500 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വെറും 24 മണിക്കൂറിറില്‍ 18000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഫോര്‍ഡ്, ജെനെറല്‍ മോട്ടോര്‍സ് തുടങ്ങിയ വാഹന നിര്‍മാതാക്കളോട് അടിയന്തരമായി വെന്റിലേറ്ററുകള്‍ നിര്‍മിച്ചു തുടങ്ങാന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചു.