തിരുവനന്തപുരം: കേരളത്തില്‍ 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.
കോഴിക്കോട് വൈറസ് ബാധ സ്ഥീരീകരിക്കപ്പെട്ടവരില്‍ ഒരാള്‍ 42 വയസ്സുള്ള സ്ത്രീയാണ്. മാര്‍ച്ച് 19ന് ആണ് ഇവര്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കൊടുവള്ളി സ്വദേശിനിയായ ഇവര്‍ അബുദാബിയില്‍നിന്ന് അടുത്തിടെയാണ് കേരളത്തിലെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത് വടകര ആയഞ്ചേരി സ്വദേശിയാണ്. ഇയാള്‍ സൗദിയില്‍ നിന്ന് അടുത്തിടെയാണ് എത്തിയത്.
184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. കാസർകോട് ജില്ല പൂർണമായും അടച്ചു. അവശ്യസർവീസുകളായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ തുറക്കാം. വെള്ളി, ശനി ദിവസങ്ങളില്‍ 12 പേര്‍ക്കു വീതമാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ശനിയാഴ്ചയോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 53000 കടന്നിരുന്നു.