കോവിഡ്: അഞ്ചുമാസത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് രണ്ട് കോടി പേര്‍ക്ക്

0

ന്യൂഡല്‍ഹി: കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ മൂലം രാജ്യത്ത് വന്‍ തൊഴില്‍ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപിച്ച അഞ്ച് മാസത്തിനിടെയാണ് തൊഴില്‍ നഷ്ടം വ്യാപകമായത്. ജൂലൈയില്‍ മാത്രം 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് സെന്‍റര്‍ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്ക്.

ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും മെയ് മാസത്തിൽ 1.78 കോടി പേർക്കും ജൂണിൽ 39 ലക്ഷം പേർക്കും ജോലി നഷ്ടമായി. ഇതോടെ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേർക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി.

കൊവിഡ് മൂലം ഏറ്റവും അധികം വലഞ്ഞത് ചെറുകിട വ്യാപാരികളാണ്. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ രാജ്യത്തെ തൊഴിൽ നഷ്ടം രൂക്ഷമായെന്നാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണിമിയുടെ കണക്കിൽ പറയുന്നത്. സാധാരണ സ്ഥിര വരുമാനം ഉള്ളവർക്ക് ജോലി പെട്ടെന്ന് നഷ്ടപ്പെടാറില്ല.

രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 32 ശതമാനത്തോളം മാസശമ്പള വിഭാഗമാണ്. ഇതില്‍ 75 ശതമാനത്തോളം പേരെ ലോക്ക് ഡൌണ്‍ ബാധിച്ചു. തൊഴില്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചുലഭിക്കാനുള്ള സാധ്യത കുറവുള്ള വിഭാഗമാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വിഭാഗത്തില്‍ തൊഴില്‍നഷ്ടം തുടരുന്നു എന്നും പഠനം പറയുന്നു.

ഐഎല്‍ഒയുടെയും എഡിബിയുടെയും സര്‍വേ പ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവരില്‍ 41 ലക്ഷവും യുവാക്കളാണ്. ഭൂരിഭാഗം തൊഴില്‍ നഷ്ടവും നിര്‍മാണ കാര്‍ഷിക മേഖലകളില്‍ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഏപ്രിൽ മാസത്തിൽ ജോലി നഷ്ടപ്പെട്ടവരിൽ 15 ശതമാനം മാത്രമാണ് സ്ഥിരവരുമാനം ഉണ്ടായിരുന്നവർ. ഏപ്രിലിൽ നഷ്ടപ്പെട്ടതിൽ 1.44 കോടി തൊഴിലുകൾ മെയ് മാസത്തിൽ തിരിച്ചുവന്നു. 4.45 കോടി ജൂൺ മാസത്തിലും 2.55 കോടി ജൂലൈ മാസത്തിലും തിരികെയെത്തി. 6.8 കോടി തൊഴിലുകളാണ് ഇനി സമ്പദ് ഘടനയുടെ ഭാഗമാകാനുള്ളത്.