നരകവാതിൽ തുറക്കുമ്പോൾ..

0

സൂക്ഷിച്ചു വായിക്കണം..

അമേരിക്കയിൽ നിന്നുള്ള വാർത്തയാണ്.

അമേരിക്കയാണ് – ലോക ശക്തിയാണ്, ലോകോത്തര സാമ്പത്തിക ശക്തിയാണ്. ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്.

ന്യൂയോർക്കിൽ നിന്നാണ്

അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂ യോർക്ക് ഉൾപ്പെട്ട സംസ്ഥാനമാണ്. ആളോഹരി വരുമാനം മുപ്പത് ലക്ഷതിന് അടുത്ത് വരും.

ലോകത്തെ ഏറ്റവും പ്രശസ്തമായ ആശുപത്രികൾ ഒക്കെ ഉള്ള നഗരമാണ് ന്യൂ യോർക്ക്.

രണ്ടാഴ്ച മുൻപ് അവിടെയും ഏതാണ്ട് ഇപ്പോൾ നമ്മുടെ സ്ഥിതിയായിരുന്നു

കുറച്ചു കൊറോണ കേസുകൾ ഒക്കെയുണ്ട്. പക്ഷെ അവിടുത്തെ ആരോഗ്യ സംവിധാനങ്ങളുടെ ഉള്ളിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ളതേ ഉള്ളൂ.

പിന്നെ ഒന്ന് പത്തായി, പത്തു നൂറായി, നൂറ് ആയിരമായി. ആരോഗ്യപ്രവർത്തകർ ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും കൊറോണ അവരുടെ സംവിധാനങ്ങളുടെ പരിധിയിൽ നിൽക്കാതായി.

നാലായിരം വെന്റിലേറ്ററുകളാണ് അവിടെ ഉണ്ടായിരുന്നത്. ഏഴായിരം എണ്ണം പുതിയതായി വാങ്ങി. ഇനി രണ്ടായിരം കൂടി അമേരിക്കയുടെ കേന്ദ്ര സംവിധാനങ്ങളിൽ നിന്നും കിട്ടും.

പക്ഷെ മതിയാവില്ല. ചുരുങ്ങിയത് മുപ്പത്തിനായിരമെങ്കിലും വേണമെന്നാണ് ഗവർണ്ണർ പറയുന്നത്.

ഇപ്പോഴത്തെ കണക്കനുസരിച്ചു മുപ്പത്തി ഏഴായിരത്തിലധികം കേസുകൾ ഉണ്ട്. ഓരോ മണിക്കൂറിലും അത് കൂടുന്നു.

മരണം മുന്നൂറ്റി എൺപത് കടന്നു.

അപൂർവ്വമായ സാഹചര്യങ്ങളിൽ അപൂർവ്വമായ കാര്യങ്ങൾ ചെയ്യേണ്ടി വരും.

“We’re going so far as to trying an experimental procedure where we split the ventilator,” Cuomo said Tuesday. “We use one ventilator for two patients. It’s difficult to perform, it’s experimental, but at this point we have no alternative.”

ഒരു വെന്റിലേറ്റർ രണ്ടായി പകുത്ത് രണ്ടു പേർക്കായി ഉപയോഗിക്കാനുള്ള ശ്രമമാണ്.

ഇത് മാർച്ച് മാസത്തിലെ അമേരിക്കയാണ് !

ഇത് ഫെബ്രുവരിയിലെ ഇറ്റലിയായിരുന്നു.

ഇത് ജനുവരിയിലെ ചൈനയായിരുന്നു.

ഇത് ഏപ്രിൽ മാസത്തിലെ കേരളമാകാം.

അറിഞ്ഞില്ല എന്ന് മാത്രം പറയരുത്.

കൊറോണ നമ്മുടെ പടിവാതിൽക്കൽ എത്തുമ്പോൾ അതിനോട് യുദ്ധം ചെയ്യാൻ കേരളത്തിൽ എത്ര വെന്റിലേറ്ററുണ്ട് ?, ഞാൻ അന്വേഷിച്ചില്ല. ചില ചോദ്യങ്ങളുടെ ഉത്തരം നമ്മുടെ ആത്മ വിശ്വാസം കെടുത്തിയേക്കാം.

പുതിയതായി വാങ്ങുക എന്നത് പണമുണ്ടെങ്കിൽ പോലും എളുപ്പമല്ല. ലോകത്തെ എല്ലാ രാജ്യങ്ങളും ഇപ്പോൾ വെന്റിലേറ്ററിന് പുറകിലാണ്.

വെന്റിലേറ്റർ പോയിട്ട് ആരോഗ്യ പ്രവര്തകര്ക്കുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ പോലും ഇറ്റലിയിൽ പോലും ക്ഷാമത്തിലാണ്. മാസ്കുകളും മറ്റും രണ്ടാമത് എങ്ങനെ വൈറസിനെ മാറ്റി ഉപയോഗിക്കാമെന്നാണ് അവരിപ്പോൾ പരിശോധിക്കുന്നത്.

ഈ യുദ്ധം നമ്മുടെ പടിപതിൽക്കലെത്താൻ ഇനി അധികം സമയമില്ല. ആരോ പറഞ്ഞപോലെ അല്പം ഈഗോ ഉള്ള വൈറസാണിത്. ക്ഷണിച്ചാൽ മാത്രം അകത്തേക്ക് വരുന്ന ഒന്ന്.

സാമൂഹിക അകലം പാലിക്കാതെ ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച് പോലീസിന്റെ കണ്ണുവെട്ടിക്കുന്നത് മിടുക്കണെന്ന് കരുതി നമ്മുടെ സഹോദരന്മാർ ഈ വൈറസിനെ ക്ഷണിച്ചു വരുത്തുന്നു. സ്വന്തക്കാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും ഒക്കെ വിതരണം ചെയ്യുന്നു.

ഈ യുദ്ധം ജയിക്കണമെങ്കിൽ സമൂഹ വ്യാപനം തടഞ്ഞേ പറ്റൂ. അതിന് ഇന്ന് നമ്മുടെ കയ്യിൽ അധികം ആയുധങ്ങൾ ഇല്ല. ഉള്ളത് സോഷ്യൽ ഡിസ്റ്റൻസിങ്ങ് മാത്രമാണ്. ആ ദുർബ്ബലമായ കോട്ടയിലാണ് ഈ പുറത്തിറങ്ങി നടക്കുന്ന സാമൂഹ്യ ദ്രോഹികൾ വിള്ളലുണ്ടാക്കുന്നത്.

അവരെ ഇന്ന് നിയന്ത്രിച്ചില്ലെങ്കിൽ ഏപ്രിൽ മാസത്തിലെ കേരളം മാർച്ചിലെ ന്യൂ യോർക്കും ഫെബ്രുവരിയിലെ ഇറ്റലിയുമാകും. സംശയം വേണ്ട.

മുന്നറിയിപ്പ് കിട്ടിയില്ല, വേണ്ടപോലെ ഉണ്ടായില്ല എന്നുള്ള പരാതിയൊന്നും വേണ്ട.

സർക്കാർ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക, മുൻകരുതലുകൾ എടുക്കാത്തവരെ പറഞ്ഞു മനസ്സിലാക്കുക അല്ലെങ്കിൽ റിപ്പോർട്ട് ചെയ്യുക.

ഇത് നമ്മുടെ ജീവന്റെ മാത്രം വിഷയമല്ല, ഒരു സംസ്കൃത സമൂഹം എന്ന നിലയിൽ നമ്മുടെ ഭാവിയുടെ പ്രശ്നം കൂടിയാണ്.

ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു.

സുരക്ഷിതരായിരിക്കുക

#weshallovercome

മുരളി തുമ്മാരുകുടി