പെറ്റാലിംഗ് ജയ: കോവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളില്‍നിന്ന് മലേഷ്യയിലേക്ക് മടങ്ങുന്ന യാത്രക്കാർക്കെല്ലാം ക്വാറന്റീൻ നിർബന്ധമാക്കി. ജുലൈ 24 മുതൽ ആരംഭിക്കുന്ന ക്വാറന്റീൻ ഹോട്ടലുകളിലോ ആയി മടങ്ങിയെത്തുന്ന യാത്രക്കാർ നിർബന്ധമായും ക്വാറന്റീനിൽ പോകണമെന്ന് പ്രതിരോധ മന്ത്രി ദാതുക് സെരി ഇസ്മായിൽ സാബ്രി യാക്കോബ് വ്യക്തമാക്കി.
രാജ്യത്തേക്ക് വരാൻ അനുമതിയുള്ള മലേഷ്യക്കാർക്കും പൗരന്മാരല്ലാത്തവർക്കും ഇത് ബാധകമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ക്വാറന്റീന്റെ മുഴുവൻ ചിലവുകളും ഓരോരുത്തരും സ്വയം വഹിക്കേണ്ടതാണെന്നും ഇദ്ദേഹം ചൊവ്വാഴ്ച ചേർന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
എല്ലാ ആഭ്യന്തര യാത്രക്കാരും മലേഷ്യയിലേക്ക് മടങ്ങുന്നതിനു മൂന്നു ദിവസം മുൻപുതന്നെ കോവിഡ് പരിശോധന നടത്തേണ്ടിവരും.അതിനു ശേഷം മാത്രമേ യാത്രതിരിക്കാൻ പാടുള്ളു. ജൂൺ 10 മുതൽ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയ ആളുകൾക്ക് മാത്രമേ രാജ്യത്തോട്ട് പ്രവേശിക്കാൻ അനുമതിയുള്ളുവെന്ന് ബന്ധപ്പെട്ട അധികൃതർ നേരത്തെ നിർബന്ധമാക്കിയിരുന്നു.
മെഡിക്കൽ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും എന്നാൽ പുറപ്പെടുന്നതിന് മുമ്പ് കോവിഡ് -19 പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇസ്മായിൽ സാബ്രി പറഞ്ഞു. ഗ്രീൻസോൺ രാജ്യങ്ങളായ ബ്രൂണൈ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ ടൂറിസ്റ്റുകളെ വാണിജ്യ വിമാനങ്ങൾ വഴി മലേഷ്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് സാബ്രി പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും ഉൾപ്പെട്ട രാജ്യങ്ങളും തമ്മിലുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാവും അതിർത്തി കടക്കുന്നതിനുള്ള (യാത്ര) അനുമതി നൽകുക.
ജൂൺ 10 മുതൽ ജൂലൈ 20 വരെ 22,480 പേർ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളം (കെഎൽഎ) വഴി മലേഷ്യയിലേക്ക് മടങ്ങിയെത്തിയ 22,402 പേരെ ഹോം ക്വാറൻറൈൻ ചെയ്യാൻ ഉത്തരവിട്ടതായും 78 പേരെ ആശുപത്രിയിലെത്തിച്ചതായും ഇസ്മായിൽ സാബ്രി വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ രോഗവ്യാപനം കൂടുതലുള്ള വിവിധരാജ്യങ്ങളിൽ നിന്നും മലേഷ്യയിലേക്ക് ആളുകൾ തിരിച്ചെത്തുന്നത് ഇവിടെ കേസുകൾ വർദ്ധിക്കാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതെ സമയം ആളുകൾ ക്വാറന്റൈൻ നിയമങ്ങൾ ലംഗിച്ച് പുറത്തിറങ്ങുന്നതും സാമൂഹികവ്യാപന സാദ്ധ്യതകൾ വര്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ, “നോവ്ഗൊറോഡ് ക്ലസ്റ്ററിൽ” അഞ്ച് പോസിറ്റീവ് കേസുകൾ റിപ്പോർട്ടുചെയ്തു. ജൂലൈ 5 ന് റഷ്യയിൽ നിന്ന് മടങ്ങിയ മലേഷ്യക്കാരനാണ് ആദ്യ കേസ് റിപ്പോർട്ടുചെയ്തത്. ഇയാളുടെ പ്രാഥമിക പരിശോധനകളിൽ ഫലം നെഗറ്റീവായിരുനെങ്കിലും ജൂലൈ 7 ന് പനി, ശ്വസന ബുദ്ധിമുട്ടുകൾ തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. പിന്നീട് രണ്ടാംഘട്ട പരിശോധനയിൽ ഫലം പോസിറ്റീവ്ആകുകയായിരുന്നു.