ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 906752 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
571,459 പേർ രോഗമുക്തി നേടി. നിലവിൽ 63.02 ശതമാനമാണ് രോഗമുക്തി നിരക്ക് 3,11,565 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട പട്ടികയിൽ പറയുന്നു.
ജൂലൈ 13 വരെയുള്ള കണക്കുകള്‍ പ്രകാരം 1,20,92,503 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,86,247 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.
ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 166-ാം ദിവസമാണ് രോഗികളുടെ എണ്ണം ഒൻപത് ലക്ഷം കടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രാജ്യത്തെ പോസിറ്റീവ് കേസുകൾ എട്ട് ലക്ഷം കടന്നത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കൊവിഡ് പോസിറ്റീവ് കേസുകൾ എട്ട് ലക്ഷത്തിൽ നിന്ന് ഒൻപത് ലക്ഷം കടന്നത്.
രോഗികളുടെ എണ്ണം എറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ ഇന്നലെ 6,497 കേസുകളും 193 മരണവും റിപ്പോർട്ടു ചെയ്തു. 2,60,924 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 10,000 കടന്നു. 10,482 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ മരിച്ചത്. 1,44,507 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,05,935 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
തമിഴ്‌നാട്ടില്‍ 1,42,798 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,032 പേര്‍ മരിച്ചു. 92,567 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 48,199 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഡല്‍ഹിയില്‍ 1,13,740 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,411 പേര്‍ മരിച്ചു. 91,312 രോഗമുക്തി നേടി. 19,017 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.