രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ സ്വദേശിയാണ് മരിച്ചത്.രാജ്യത്ത് 195 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ഡ്രി കാര്‍ളിയാണ് മരിച്ചത്. ഇയാള്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. അതേ സമയം ഇയാള്‍ രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊവിഡ് 19 ല്‍ ഇതുവരെ ലോകമെമ്പാടുമായി മരണപ്പെട്ടത് 9,881 പേരാണ്. 2,42,000 പേര്‍ക്ക് വൈറസ് ബാധയുണ്ട്. മരണനിരക്കില്‍ ഇറ്റലി ചൈനയെ മറികടന്നു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുപിയില്‍ രോഗ ബാധിതരുടെ എണ്ണം 23 ആയി.
രാജ്യത്തെ മൊത്തം രോഗ ബാധിതരില്‍ 32 പേര്‍ വിദേശികളാണ്. മരിച്ച അഞ്ചുപേരില്‍ ഒരു വിദേശി മാത്രമേയുള്ളൂ. കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, മഹരാഷ്ട്ര എന്നിവിടങ്ങളിലാണ് ഓരോരുത്തര്‍ മരിച്ചത്. ഇറ്റലിയിലാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഉണ്ടായ ഒറ്റദിവസത്തെ മരണ സംഖ്യയെക്കാള്‍ ഉയര്‍ന്ന എണ്ണമാണിത്.
ചൈനയില്‍ വ്യാഴാഴ്ച 39 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയിലെ കൊവിഡ് മരണ സംഖ്യ 3,248 ആയി. 80,967 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.