തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാർക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും അടച്ചിടും. ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും 50 പേർക്ക് മാത്രമാകും പ്രവേശന അനുമതി. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്കാണ് പ്രവേശനം.
വാരാന്ത്യ നിയന്ത്രണം തുടരും. കടകൾ രാത്രി ഏഴരവരെ മാത്രം. ഹോട്ടലുകളിൽ രാത്രി 9 വരെ പാഴ്സലുകൾ അനുവദിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.
എറണാകുളത്തും സമാനനിയന്ത്രണങ്ങൾ
എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ സ൦ബന്ധിച്ച് ഇന്ന് മുതൽ മുതൽ ബാധകമാവുക സംസ്ഥാന ഉത്തരവ്. ജില്ലാ തലത്തിൽ ഞായറാഴ്ച വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലു൦ സമാന നിർദ്ദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കിയതോടെ ഇതായിരിക്കും ബാധകമാകുകയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം കടകൾക്കും റസ്റ്റോറന്‍റുകൾക്കും രാത്രി 7.30 വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ വിതരണം രാത്രി ഒൻപതു വരെ തുടരാം. കടകളിൽ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം.
ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി കൺട്രോൾ റൂം തുറന്നു. അതിഥി തൊഴിലാളികൾ അവരുടെ നിലവിലുള്ള ഇടങ്ങളിൽ തുടരണമെന്നു൦ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37325 ആണ്. കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകളാണ്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2181 കിടക്കകളിൽ 1086 പേർ നിലവിൽ ചികിത്സയിലുണ്ട്.
രോഗവ്യാപന൦ തീവ്രമായി കൊച്ചിയു൦, തൃക്കാക്കരയു൦
ജില്ലയിൽ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഇങ്ങനെയാണ്:
- പറവൂർ താലൂക്ക് ആശുപത്രി -6
- ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -45
- കളമശ്ശേരി മെഡിക്കൽ കോളേജ് – 50
- പി വി എസ് – 76
- ജി എച്ച് മൂവാറ്റുപുഴ- 28
- ഡി എച്ച് ആലുവ- 44
- പള്ളുരുത്തി താലൂക്ക് ആശുപത്രി – 32
- തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 56
- സഞ്ജീവനി – 97
- സിയാൽ- 136
- സ്വകാര്യ ആശുപത്രികൾ – 1308
- എഫ് എൽ റ്റി സികൾ – 21
- എസ് എൽ റ്റി സി കൾ- 323
- വീടുകളിൽ ചികിത്സ തുടരുന്നവ൪- 32588.
ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ 25 ശതമാനം കിടക്കകളും ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു, വാക്സീൻ വിതരണ൦ ജില്ലയിൽ ഇന്ന് ചുരുക്കം കേന്ദ്രങ്ങളിൽ മാത്രമേ ഉണ്ടാകൂ. സ്റ്റോക്ക് എത്താത്തത് പ്രതിസന്ധിയായി തുടരുകയാണ് ഇപ്പോഴും.