ഇന്ത്യയിൽ കൊവിഡ് വ്യാപനം ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദ്ഗധ സമിതി

0

ഇന്ത്യയിലെ കൊവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം. സെപ്റ്റംബറോടെ രോഗവ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നതായും വിദഗ്ധ സംഘം പറഞ്ഞു. നിലവിലെ കൊവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിച്ചാൽ രോഗം ഫെബ്രുവരിയോടെ പൂർണമായി നിയന്ത്രിക്കാൻ കഴിയുമെന്നും വിദഗ്ധ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധ നടപടികൾ കർശനമായി പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകും. കൊവിഡ് വ്യാപനത്തിന്‍റെ തോത് ലോക്ക്ഡൗണ്‍ പിടിച്ച് നിർത്തിയെന്നും സമിതിയുടെ വിലയിരുത്തല്‍.

സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി. ആ സമയത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം 10.17 ലക്ഷം ആയിരുന്നു.

എന്നാല്‍ പിന്നീട് രോഗികളുടെ എണ്ണം കുറയുകയായിരുന്നു. അടുത്ത മാസങ്ങളില്‍ ശൈത്യകാലമായതു കൊണ്ടോ, ഉത്സവകാലമായതിനാലോ രോഗികളുടെ എണ്ണം വര്‍ധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാള്‍ കൂടില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍.

ഹൈദരാബാദ് ഐ.ഐ.ടി പ്രൊഫസർ വിദ്യാസാഗറിന്റെ നേതൃത്വത്തിൽ നിയോഗിച്ച കമ്മിറ്റിയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് കമ്മിറ്റിയെ നിയമിച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ച് വിശദമായി പരിശോധിച്ച ശേഷമാണ് വിദഗ്ധ സംഘം കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

ഫെബ്രുവരിയോടെ രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം ഒരു കോടി ആറ് ലക്ഷമായിരിക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 75 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.