കോവിഡ് ചികിത്സാരംഗത്ത് മൂന്ന് പുത്തൻ ഉപകരണങ്ങളുമായി ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. രോഗികളുടെ കഫം, തുപ്പൽ തുടങ്ങിയ സ്രവങ്ങൾ ശേഖരിച്ച് സുരക്ഷിതമായി നശിപ്പിക്കാനുള്ള ഉപകരണമായ ‘ചിത്ര അക്രിലോസോർബ്’, രോഗിക്ക് പരിസരവുമായി ഒരുവിധത്തിലുള്ള സസമ്പർക്കവുമുണ്ടാകാതിരിക്കാനുള്ള ‘ഐസൊലേഷൻ പോഡ്’, ‘ബബിൾ ഹെൽമെറ്റ്’ എന്നിവയാണ് പ്രതീക്ഷയുടെ മൂന്ന് പുത്തൻ ഉപകരണങ്ങൾ.
ചിത്ര അക്രിലോസോർബ്
ചെറുപാത്രത്തിൽ ശേഖരിക്കുന്ന സ്രവങ്ങൾ അതിനുള്ളിൽത്തന്നെ ആഗിരണം ചെയ്യപ്പെടുന്നതിനാൽ നിറഞ്ഞുകവിയുകയോ പരിസരം മലിനപ്പെടുത്തുകയോ ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗത്തിനുശേഷം ആശുപത്രിമാലിന്യത്തിനൊപ്പം ഇത് ഇൻസിനറേറ്ററിൽ നശിപ്പിക്കാം. ശ്രീചിത്രയിലെ ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്‌നോളജിവിഭാഗം ശാസ്ത്രജ്ഞരായ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കമ്മത്ത് എന്നിവരടങ്ങിയ സംഘമാണ് ഇത് വികസിപ്പിച്ചത്.
ഐസൊലേഷൻ പോഡ്
കോവിഡ് രോഗികളെ ഒരുസ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഉപയോഗിക്കാവുന്ന പ്രത്യേക മൊഡ്യൂൾ ആണിത്. രോഗിക്ക് പരിസരവുമായി ഒരുവിധ സമ്പർക്കവുമുണ്ടാകാതിരിക്കാൻ പ്രത്യേക ടെൻഡ് കവർ ഇതിനുണ്ടാകും. ഉള്ളിലെ വായു പൂർണമായും നീക്കംചെയ്ത് അണുമുക്തമാക്കിയിട്ടുമുണ്ടാകും. ഭാരംകുറഞ്ഞ ബെഡ് അടക്കമുള്ള മറ്റു സൗകര്യങ്ങളും ഇതിനുള്ളിലൊരുക്കിയിട്ടുണ്ട്.
ബബിൾ ഹെൽമെറ്റ്
കോവിഡ് രോഗികൾക്ക് പരമ്പരാഗത ഓക്‌സിജൻ മാസ്‌കുകൾക്കുപകരം ഉപയോഗിക്കാൻ ശ്രീചിത്ര വികസിപ്പിച്ചതാണിത്. തലമുഴുവൻ മൂടുന്ന ഈ ഹെൽമെറ്റ് രോഗിയുടെ കഴുത്തിൽ പ്രത്യേക കോളർവഴി ബന്ധിപ്പിച്ചുനിർത്താം. കോവിഡ്മൂലം കടുത്ത ശ്വാസതടസ്സം നേരിടുന്ന രോഗികൾക്ക് ശ്വസനം അനായാസമാക്കാനും വെന്റിലേറ്ററിന്റെ ഉപയോഗം വേണ്ടെന്നുവെക്കാനുമാവും.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ശ്രീചിത്ര വികസിപ്പിച്ച എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യ കമ്പനികൾക്ക് സൗജന്യമായി കൈമാറും. കോവിഡ് ഭീഷണി നേരിടാൻ രാജ്യത്ത് ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാകും ഉപകരണ നിർമാണക്കമ്പനികളുമായി കരാറുണ്ടാക്കുകയെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ ഡോ. ആശ കിഷോർ വ്യക്തമാക്കി.