തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ഇന്ന് 1465 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് പേർ മരിച്ചു. ഇന്നലെയും ആയിരത്തിനു മുകളിലാണ് കൊവിഡ് കേസ് സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ്. 475 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറിയിച്ചത്.
ഈ സംസ്ഥാനങ്ങളില്‍ കൊവിഡിൻ്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാത്തവിധം ശക്തമായ നടപടികള്‍ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയാന്‍ വേണമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.