തിരുവനന്തപുരം: സംസ്ഥാനത്ത് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 19 പേര്‍ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വര്‍ഗീസാണ് (77) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 11 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 46 പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്–21, യുഎഇ-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കു വിതവുമാണു സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.
ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 67,249 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 15,101 സാംപിളുകള്‍ ശേഖരിച്ചതില്‍ 13,908 സാംപിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് പുതുതായി ഒരു ഹോട്സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്സ്‌പോട്ട്. നിലവില്‍ 122 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്.