സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ രോഗമുക്തി നേടി

0

തിരുവനന്തപുരം∙സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ന് 3 പേര്‍ രോഗമുക്തി നേടിയതായും തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നു. 3 പേർക്ക് ഇന്ന് ഫലം നെഗറ്റീവായി. 1മരണം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ടു ചെയ്തു. തെലങ്കാന സ്വദേശിയാണ് മരണമടഞ്ഞത്. ഇദ്ദേഹം രാജസ്ഥാനിലുള്ള ട്രെയിൻ മാറി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു.

കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം ഇടുക്കി ആലപ്പുഴ1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 9, കർണാടക 3, ഗുജറാത്ത് 2, ഡൽഹി 2 ആന്ധ്ര 1. സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം വന്നു.

526 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 115297 പേര്‍ നിരീക്ഷണത്തിലുണ്ട്. 114305 പേര്‍ വീടുകളിലും 992 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.