ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,371 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,70,469 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
8,04,528 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 64,53,780 പേർ ഇന്നലെ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. രാജ്യത്തുടനീളം ഇതുവരെ 1,12,161 പേരുടെ ജീവൻ കോവിഡ് കവർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 895 മരണം റിപ്പോർട്ട് ചെയ്തു. 1.52 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ നിലവിൽ 1,92,936 രോഗികൾ ചികിത്സയിൽ തുടരുകയാണ്. കർണാടകയിൽ 1,13,557 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. കേരളത്തിൽ 94,609 പേരും തമിഴ്നാട്ടിൽ 41,872 പേരും ആന്ധ്രയിൽ 40,047 പേരും ചികിത്സയിൽ കഴിയുന്നുണ്ട്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്. മഹാരാഷ്ട്രയിൽ പുതിയ 336 മരണങ്ങളും 10,226 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.