ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സീനേഷൻ ഇന്നുമുതൽ. 15 മുതൽ 18 വയസുവരെയുള്ളവർക്കാണ് തിങ്കളാഴ്ചമുതൽ മുതൽ വാക്‌സീൻ ലഭിക്കുക. 2007-ലോ മുമ്പോ ജനിച്ചവർക്കാണ് വാക്സിൻ നൽകുക. ഞായറാഴ്ച വൈകുന്നേരംവരെ ആറുലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തു. കോവിൻ പോർട്ടലിലെ രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനും നടത്താം. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് കുട്ടികൾക്ക് നൽകുക.
ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. വാക്സിനേഷൻ നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി ഡോ. മൻസുഖ് മണ്ഡവ്യ ഞായറാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് നൽകേണ്ടതെന്നും വാക്സിൻ മാറിപ്പോകില്ലെന്നു ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശം നൽകി. കുട്ടികൾക്കായി പ്രത്യേകം വാക്സിൻകേന്ദ്രങ്ങൾ സജ്ജീകരിക്കണം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സീനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും.