കപിൽ ദേവിന് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

0

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കപില്‍ ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഡൽഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്‌സ് ആശുപത്രിയില്‍ കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അറുപത്തൊന്നുകാരനായ കപിൽ ദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കപിലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്‌‌ധ പരിശോധനകള്‍ക്ക് ശേഷം കാര്‍ഡിയോളജി വിഭാഗം ഡയറക്‌ടര്‍ അതുല്‍ മാത്തൂറിന്‍റെ നേതൃത്വത്തില്‍ ഇതിഹാസ താരത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറും ഓള്‍റൗണ്ടറുമാണ് മുന്‍ നായകനായ കപില്‍ ദേവ്. 1983ല്‍ ഇന്ത്യന്‍ ടീമിനെ ആദ്യമായി ലോകകപ്പ് ജേതാക്കളാക്കിയത് കപിലാണ്. 131 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം 5248 റണ്‍സും 434 വിക്കറ്റും സ്വന്തമാക്കി. 225 ഏകദിനങ്ങളില്‍ 3783 റണ്‍സും 253 വിക്കറ്റും പേരിലുണ്ട്.