കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ കുറ്റം സമ്മതിച്ച് രവി പൂജാരി. ക്വാട്ടേഷൻ നൽകിയത് പെരുമ്പാവൂർ, കാസർഗോഡ് സംഘമാണ്. സംഭവ ശേഷം നടിയെ ഫോണിൽ വിളിച്ച് ഭിഷണി പെടുത്തിയെന്നതും രവി പൂജാരി സമ്മതിച്ചു. എന്നാൽ ബ്യുട്ടി പാർലർ ആക്രമിക്കാൻ ആളെ ഏർപ്പാടാക്കിയത് താനല്ലെന്നും രവി പൂജാരി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കും.
ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങിയ രവി രൂജാരിയെ ഇന്നലെ രാവിലെയാണ് കൊച്ചിയിലെത്തിച്ചത്. കേസിൽ ചോദ്യം ചെയ്യാനായി ഈ മാസം 8 വരെയാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുളളത്. പാർലർ വെടിവെപ്പ് കേസിൽ മൂന്നാം പ്രതിയാണ് രവിപൂജാരി. 2018 ഡിസംബർ 15 നായിരുന്നു പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ അക്രമി സംഘം വെടിയുതിർത്തത്.
നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാർലറിലേക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിർത്തതെന്ന് ലീന മൊഴിയും നൽകി. ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരിൽ ഒരാൾ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി. പിന്നീട് രവി പൂജാരി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.