ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു

0

കൊളംബോ: ശ്രീലങ്കയിൽ വിദേശനാണ്യ ശേഖരം കുത്തനെ താഴ്ച്ചയിലേക്ക് പതിച്ചത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലായിരിക്കയാണ്. തലസ്ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട് പ്രഖ്യാപിച്ചു. കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും നിയന്ത്രണം പട്ടാളം ഏറ്റെടുത്തു.

അതിനിടെ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്നു പാക്ക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. അതേസമയം, ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് തമിഴ് നാട്ടിലെത്തിയവരെ ജയിലിലേക്ക് മാറ്റി. രാമേശ്വരം മജിസ്‌ട്രേറ്റ് കോടതിയാണ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേരെയും ചെന്നെയിലെ പുഴല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയവരെ, അഭയാര്‍ത്ഥികളായി കാണാന്‍ സാധിക്കില്ലെന്നും നുഴഞ്ഞു കയറ്റക്കാരായി പരിഗണിച്ചാണ് ഈ വിധിയെന്നും കോടതി നിരീക്ഷിച്ചു.

പൂര്‍ണമായി ഇറക്കുമതിയെ ആശ്രയിക്കുന്ന ദ്വീപ് രാജ്യത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം വില കുത്തനെകൂടി. മണിക്കൂറുകള്‍ വരി നിന്നാലും പെട്രോളും പാചക വാതകവും കിട്ടാനില്ല. കൊളംബോ തുറമുഖത്തെത്തിയ 1500 കണ്ടെയ്നര്‍ ഭക്ഷണ വസ്തുക്കള്‍ കപ്പലില്‍ നിന്ന് ഇറക്കാനായിട്ടില്ല.

കടത്തുകൂലി ഡോളറില്‍ വേണമെന്നു കപ്പല്‍ കമ്പനികള്‍ വാശിപിടിക്കുകയാണ്. എന്നാല്‍ ഇന്ത്യ വായ്പയായി നല്‍കിയ പണം മാത്രമേ സര്‍ക്കാരിന്റെ കൈവശമുള്ളൂ. അവ രൂപയില്‍തന്നെ വിനിമയം നടത്തണമെന്നാണു കരാര്‍. ഡീസലില്ലാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ അഞ്ചുമണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി. വന്‍തോതില്‍ അഭയാര്‍ഥികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പാക്ക് കടലിടുക്കില്‍ തീരസംരക്ഷണ സേന നിരീക്ഷണം ശക്തമാക്കിയത്.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥ. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചു. വിലക്കയറ്റം രൂക്ഷമായി. തൊടുന്നതിനെല്ലാം തീപിടിച്ച വില. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ഏറ്റവുമധികം വില. പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും ധാന്യങ്ങളുടെയും പോലും വില കുതിച്ചുയരുകയാണ്.