സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റ ദിവസത്തിനിടെ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരത്തിൽ ഒരു വർധന ഇത് ആദ്യമായാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് നിലവിൽ ഐ സി യുകളിൽ 2323 പേരും, വെന്‍റിലേറ്ററിൽ 1138 പേരും ചികിത്സയിലുണ്ട്. സംസ്ഥാനത്താകെ സർക്കാർ-സ്വകാര്യ മേഖലകളിൽ ആയി 508 വെന്റിലേറ്റർ ഐസിയു, 285 വെന്റിലേറ്റർ, 1661 ഓക്‌സജ്ജൻ കിടക്കകൾ എന്നിവയാണ് ഒഴിവുള്ളത്. തലസ്ഥാന ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ പലയിടത്തും കൊവിഡ് രോഗികൾക്കായി കിടക്കകൾ പോലും ഒഴിവില്ല.
കൊവിഡ് രോഗികളുടെ എണ്ണം അറുപതിനായിരം കടന്ന എറണാകുളത്ത് സ്ഥിതി ആശങ്കാജനകമാണ്. കൊച്ചി കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ് പല പഞ്ചായത്തുകളയിലും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലെത്തി. ജില്ലയിലെ ആശുപത്രികളിൽ ഭൂരിപക്ഷവും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. രോഗവ്യാപനം തടയാനായി കേരളം പ്രഖ്യാപിച്ച ലോക്ഡൌൺ ആരംഭിച്ചു.