ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സി ആര്‍ പി എഫിന്‍റെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. 42 ജവാന്മാര്‍ വീരമൃത്യു വരിച്ചു. എൺപതോളം പേർക്കു പരുക്കേറ്റു.
മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. പുൽവാമ ജില്ലയിലെ ഗോറിപോറയിൽ വച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
വ്യാഴാഴ്ചവൈകിട്ട്മൂന്നേകാലോടെയായിരുന്നു ആക്രമണം. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. രണ്ടായിരത്തഞ്ഞൂറോളം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്.
സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എൻഐഎയുടെ 12 അംഗ സംഘം സംഭവ സ്ഥലം സന്ദർശിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക.
ആക്രമണമുണ്ടായ ബസിനുള്ളിൽ 40 ജവാന്മാർ ഉണ്ടായിരുന്നതായാണു വിവരം. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ ജവാന്മാരും ഉള്‍പ്പെട്ടതായിരുന്നു വാഹനവ്യൂഹം.
2016 ലെ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ ചീഫ് ആയിരുന്ന ഖാലിദിനെ 2017ൽ ഇന്ത്യൻ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരിൽ ഭീകരർ വ്യാപക ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.
പുൽവാമ സ്വദേശിയും ജയ്ഷെ ഭീകരനുമായ ആദിൽ അഹമ്മദ് ധർ ആണു ചാവേറാക്രമണം നടത്തിയതെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്സ്പ്‌ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്ഫോടനം. 350 കിലോയോളം സ്ഫോടക വസ്തുക്കൾ ആക്രമണത്തിന് ഉപയോഗിച്ചെന്നാണു കരുതുന്നത്.
ചാവേർ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്നു പ്രദേശത്തു വൻ സൈനിക സന്നാഹം ഒരുക്കിയിട്ടുണ്ട്.