മന്ത്രിവാഹനങ്ങളിലെ കർട്ടനും കൂളിങ് ഫിലിമും നീക്കണം: മോട്ടോർവാഹനവകുപ്പ് കത്ത് നൽകി

0

തിരുവനന്തപുരം∙ മന്ത്രിമാരുടെ വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും കറുത്ത ഫിലിമും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർ ടൂറിസം വകുപ്പിന് കത്ത് നൽകി. സർക്കാർവാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കംചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഓപ്പറേഷൻ സ്‌ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന നടത്താൻ നിർദേശിച്ചത്.

മോട്ടോര്‍ വാഹന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിം കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിമാരും വി.ഐ.പി.കളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസംവകുപ്പിന്റെതാണ്. വാഹന ഉടമ എന്ന നിലയിൽ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങൾ ഒഴിവാക്കേണ്ടിവരുക ടൂറിസം വകുപ്പാണ്. ഇത് സൂചിപ്പിച്ചാണ് കത്ത്.

തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയ മന്ത്രിമാരുടെയും എൽ.എൽ.എ.മാരുടെയും വാഹനങ്ങളിൽ കൂളിങ് പേപ്പറും കർട്ടനുകളും ഉണ്ടായിരുന്നു. പ്രതിപക്ഷ എംഎല്‍എമാരും പൊലീസ് ഉന്നതരും നിയമം ലംഘിച്ചവരില്‍ പെടുന്നു. ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം നിയമ ലംഘനം തുടരുകയാണ്.

റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് എന്നിവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ ഓപ്പറേഷന്‍ സ്‌ക്രീനും നടക്കുന്നത്. അന്‍പത് ശതമാനത്തിലധികം കാഴ്ച മറയ്ക്കുന്ന കൂളിംഗ് ഫിലിംമും കര്‍ട്ടനും ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് പ്രധാന നിബന്ധന. ആദ്യ ഘട്ട നിയമ ലംഘനത്തിന് 1250 രൂപയാണ് പിഴ.

പോലീസ് വാഹനങ്ങളിലെ കർട്ടൻ നീക്കംചെയ്യാൻ പോലീസ് മേധാവി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്ചമറയ്ക്കാൻ പാടില്ല. സ്റ്റിക്കർ, കർട്ടൻ എന്നിവ നിയമവിരുദ്ധമാണ്. 2012-ൽ സുപ്രീംകോടതിയാണ് സ്റ്റിക്കർ ഉപയോഗം നിരോധിച്ചത്. 2019-ൽ കേരള ഹൈക്കോടതി കർട്ടൻ ഉപയോഗവും തടഞ്ഞു.