തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കൊച്ചി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 123 കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണവും 2 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 1900 അമേരിക്കന്‍ ഡോളറും 2 വാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. സ്വര്‍ണക്കടത്തില്‍ പങ്കാളികളായ 17 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 23 വീടുകളിലും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമായിരുന്നു പരിശോധന നടന്നത്. കള്ളക്കടത്ത് സ്വര്‍ണം എത്തിച്ച് ഉരുക്കി ആഭരണങ്ങള്‍ നിര്‍മിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് കടത്തുന്ന ശൃംഖലയില്‍ ഉള്‍പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ഒരു വീട്ടില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 50 കോടിയോളം രൂപയാണ് പിടിച്ചെടുത്ത സ്വര്‍ണത്തിന് മതിപ്പു വില കണക്കാക്കുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം എത്തിച്ച് ആഭരണമാക്കി കടത്തിയിരുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി.